പുതിയ പകർച്ചവ്യാധികൾ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തുക ലക്ഷ്യം: ഡബ്ല്യു.എച്ച്.ഒ പാൻഡെമിക് ഹബ്ബ്

പുതിയ പകർച്ചവ്യാധികൾ കണ്ടെത്തുന്നതിനും അവ തടയുന്നതിനുമായി ലോകാരോഗ്യ സംഘടന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഏതൊരു പുതിയ രോഗവ്യാപനവും അവ രൂപംകൊണ്ട് 24 മണിക്കൂറിനുള്ളിൽ കണ്ടെത്താനും മനസ്സിലാക്കാനും എല്ലാ രാജ്യങ്ങളെയും സഹായിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2030-ഓടെ പദ്ധതി നടപ്പിലാക്കുമെന്നാണ് ഡബ്ല്യു.എച്ച്.ഒ അറിയിച്ചിരിക്കുന്നത്.

ജർമ്മനിയിലെ ബെർലിനിൽ നടന്ന ലോകാരോഗ്യ ഉച്ചകോടിയുടെ ഉദ്ഘാടന വേളയിലാണ് ഡബ്ല്യു.എച്ച്.ഒ ഹബ്ബ് ഫോർ പാൻഡെമിക് ആൻഡ് എപ്പിഡെമിക് ഇന്റലിജൻസ് പുതിയ തന്ത്രങ്ങൾ പ്രഖ്യാപിച്ചത്. കോവിഡ്-19 മഹാമാരിക്ക് ശേഷം 2021-ൽ ജർമ്മൻ സർക്കാരിന്റെ പിന്തുണയോടെയാണ് ബെർലിൻ ആസ്ഥാനമായി ഈ ഹബ്ബ് ആരംഭിച്ചത്. വലിയൊരു ആരോഗ്യ പ്രതിസന്ധിയായി മാറുന്നതിന് മുൻപ് രോഗബാധകൾ കണ്ടെത്താനും അവയെ പ്രതിരോധിക്കാനും രാജ്യങ്ങളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആഗോള ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ പുതിയ പദ്ധതി നിർണായക പങ്ക് വഹിക്കുമെന്നും, സർക്കാരുകളുടെയും പങ്കാളികളുടെയും ശക്തമായ സഹകരണത്തോടെ മാത്രമേ ഇത് വിജയിപ്പിക്കാൻ കഴിയൂ എന്നും ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.