പാക്കിസ്ഥാനിൽ സെമിത്തേരികൾ സംരക്ഷിക്കാൻ പോരാടി ക്രൈസ്തവർ

പാക്കിസ്ഥാനിൽ തങ്ങളുടെ സെമിത്തേരികൾ സംരക്ഷിക്കുന്നതിനായി ക്രൈസ്തവർ വലിയ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നതായി യുസിഎ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഭൂമി കൈയേറ്റങ്ങൾ, വ്യാജ രേഖകളുടെ നിർമ്മാണം, ഉടമസ്ഥാവകാശ തർക്കങ്ങൾ എന്നിവ കാരണം പലപ്പോഴും ക്രിസ്ത്യൻ സെമിത്തേരിയുടെ നിലനിൽപ് തന്നെ ഭീഷണിയിലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെ ഹുമക്കിലുള്ള റോമൻ കാത്തലിക് ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി സെമിത്തേരിയിൽ നുസ്രത്ത് ഇഫ്തിഖാർ എന്ന യുവതി തന്റെ അമ്മ ഫസീലത് ബീബിയുടെ മൃതദേഹം സംസ്കരിക്കാൻ എത്തി. എന്നാൽ പൊലീസും ഏതാനും അപരിചിതരും ചേർന്ന് മൃതസംസ്കാരം തടയുകയായിരുന്നു. ഈ സംഭവം വലിയ സംഘർഷത്തിന് കാരണമായി. പിന്നീട് ഉയർന്ന അധികാരികളുടെ ഇടപെടലിനെത്തുടർന്ന് സംസ്കാര ചടങ്ങുകൾ നടന്നെങ്കിലും, അമ്മയുടെ സംസ്‌കാരം പോലും സമാധാനപരമായി നടത്താൻ സാധിക്കാത്തത് ദുരിതമുണ്ടാക്കിയെന്ന് കുടുംബം വ്യക്തമാക്കി.

1987-ൽ രൂപീകരിച്ച കാത്തലിക് ഹൗസിംഗ് സൊസൈറ്റിയുടെ പ്ലാൻ പ്രകാരം ക്രിസ്ത്യൻ സെമിത്തേരിക്കായി ഏകദേശം 5,058 ചതുരശ്ര മീറ്റർ ഭൂമി മാറ്റിവെച്ചിരുന്നു. എന്നാൽ 2006-നും 2008-നും ഇടയിൽ മുൻ ഭരണസമിതി ഇതിന്റെ ചില ഭാഗങ്ങൾ സ്വകാര്യ വ്യക്തികൾക്ക് കൈമാറിയെന്നും, റിയൽ എസ്റ്റേറ്റ് കമ്പനികൾ സെമിത്തേരി ഭൂമി കൈയേറിമതിലുകൾ നിർമ്മിച്ചതായും ആരോപണങ്ങളുണ്ട്. നിലവിലുള്ള മാനേജ്‌മെന്റ് നടത്തിയ പരിശോധനയിൽ സെമിത്തേരി ഭൂമിയുടെ ഭൂരിഭാഗവും തർക്കത്തിലോ കൈയേറ്റത്തിലോ ആണെന്ന് കണ്ടെത്തി.

പാക്കിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ സെമിത്തേരികളുടെ ഭൂമി കൈയേറുന്നതും, കല്ലറകൾ അടങ്ങിയ സ്ഥലങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി മാറ്റുന്നതും പതിവാണ്. പഞ്ചാബിലെ ഫൈസലാബാദ്, ലാഹോർ, സ്വാത് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ സെമിത്തേരി ഭൂമികൾ തർക്കവിഷയങ്ങളായി മാറിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.