
മെക്സിക്കൻ സംസ്ഥാനമായ ഹാലിസ്കോയിൽ നടന്ന അവർ ലേഡി ഓഫ് സപോപാൻ തീർഥാടനത്തിൽ (Pilgrimage of Our Lady of Zapopan) പങ്കെടുക്കാൻ എത്തിയത് പത്ത് ലക്ഷത്തോളം വിശ്വാസികൾ. എല്ലാവർഷവും ഒക്ടോബർ മാസം പന്ത്രണ്ടാം തീയതിയാണ് ഈ തീർഥാടനം നടക്കുന്നത്.
ഈ തീർഥാടനത്തോട് അനുബന്ധിച്ച് 142 ദിവസങ്ങളിലായി കന്യാമറിയത്തിന്റെ തിരുസ്വരൂപം മേഖലയിലെ വിവിധ ഇടവകകൾ, ആശുപത്രികൾ, സ്കൂളുകൾ, മാർക്കറ്റുകൾ, കടകൾ, ജയിലുകൾ എന്നീ സ്ഥാപനങ്ങളിലൂടെ കടന്നുപോയിരുന്നു. ഏകദേശം ഒൻപത് കിലോമീറ്റർ ദൈർഘ്യമുള്ള ഈ തീർഥാടനം ഗുവാഡലഹാരയിലെ (Guadalajara) മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നിന്ന് സപോപാൻ ബസിലിക്കയിലെ (Basilica of Zapopan) പുണ്യസങ്കേതത്തിലേക്ക് പരിശുദ്ധ അമ്മയുടെ രൂപം വഹിച്ചുകൊണ്ടാണ് നടന്നത്.
ചടങ്ങിന്റെ സമാപനത്തെത്തുടർന്ന്, 292-ാമത് തീർഥാടന വേളയിൽ കന്യാമറിയത്തിന്റെ തിരുസ്വരൂപം ബസിലിക്കയിലേക്ക് തിരികെ കൊണ്ടുവന്നപ്പോൾ പത്തുലക്ഷം ആളുകൾ പങ്കെടുത്തതായി സപോപാൻ മുനിസിപ്പൽ ഗവൺമെന്റ് അറിയിച്ചു. 2018-ൽ യുനെസ്കോ (UNESCO) ഈ തീർഥാടനത്തെ സാംസ്കാരിക പൈതൃകമായി പ്രഖ്യാപിച്ചിരുന്നു.




