
ലോകത്തിലെ ജനങ്ങളുടെയും സംസ്‌കാരങ്ങളുടെയും വൈവിധ്യം ഭീഷണിയായല്ല, മറിച്ച് മനുഷ്യരാശിയുടെ വളർച്ചയ്ക്കും പുരോഗതിക്കുമുള്ള സമ്പത്തായി കാണണമെന്ന് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതു കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പാപ്പ. തങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരോടും ശത്രുക്കളോട് പോലും ബഹുമാനവും സ്നേഹവും പുലർത്താൻ മാർപാപ്പ ആഹ്വാനം ചെയ്തു.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രശസ്തമായ ‘ഗൗദിയം എത് സ്പെസ്’ (Gaudium et Spes) എന്ന പ്രമാണരേഖയെ ആസ്പദമാക്കിയുള്ള പ്രബോധന പരമ്പര തുടർന്നുകൊണ്ടാണ് അദ്ദേഹം ഈ സന്ദേശം നൽകിയത്. “വിവിധ ജനവിഭാഗങ്ങളുടെ വ്യത്യസ്ത ആചാരങ്ങളും ആശയങ്ങളും ഭയത്തോടെ കാണേണ്ടതില്ല. അത് പരസ്പര പങ്കുവയ്ക്കലിനും വളർച്ചയ്ക്കും ഉതകുന്ന ഒന്നായി അതിനെ കാണണം. ആശയപരമായി എതിർപ്പുള്ളവരോടും വ്യത്യസ്തമായി ചിന്തിക്കുന്നവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇടപഴകണം. മനുഷ്യന്റെ അടിസ്ഥാനപരമായ അന്തസ്സ് എല്ലാവരിലും ഒരുപോലെയാണ്. ലോകത്ത് ഇന്ന് വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും അക്രമങ്ങൾക്കും കാരണം പാപത്തിന്റെ സ്വാധീനമാണ്. സ്വാർഥതയും അധികാരമോഹവും മൂലമുണ്ടാകുന്ന ഇത്തരം സംഘർഷങ്ങൾ നാശത്തിലേക്കും മരണത്തിലേക്കുമാണ് വഴിതുറക്കുന്നത്” പാപ്പ വ്യക്തമാക്കി.
ഡിജിറ്റൽ യുഗത്തിൽ മനുഷ്യബന്ധങ്ങൾ വെർച്വലായി മാറുകയാണെന്ന് മുന്നറിയിപ്പ് നൽകിയ പാപ്പ, മനുഷ്യന്റെ മനഃസാക്ഷിയും വിവേചനബുദ്ധിയും ഉപയോഗിച്ച് എടുക്കേണ്ട തീരുമാനങ്ങൾ അൽഗൊരിതങ്ങൾക്ക് (Algorithms) വിട്ടുകൊടുക്കുന്ന പ്രവണത അപകടകരമാണ് എന്നും ഓർമിപ്പിച്ചു. ലിംഗം, വംശം, നിറം, സാമൂഹികാവസ്ഥ, ഭാഷ, മതം എന്നിവയുടെ പേരിൽ മനുഷ്യന്റെ മൗലികാവകാശങ്ങളിൽ നടത്തുന്ന എല്ലാത്തരം വിവേചനങ്ങളും ദൈവഹിതത്തിന് നിരക്കാത്തതാണെന്നും അത് തുടച്ചുനീക്കപ്പെടണമെന്നും പാപ്പ തന്റെ സന്ദേശത്തിൽ പ്രത്യേകം എടുത്തു പറഞ്ഞു.




