
പ്രമുഖ കത്തോലിക്കാ സഭാധ്യക്ഷനും വേർഡ് ഓൺ ഫയർ കത്തോലിക്ക മാധ്യമപ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ബിഷപ്പ് റോബർട്ട് ബാരണിനെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷനിലേക്ക് (USCIRF) നിയമിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് നാമനിർദേശം ചെയ്തത്.
മിനസോട്ടയിലെ വിനോണ-റോച്ചസ്റ്റർ രൂപതയുടെ ബിഷപ്പായ റോബർട്ട് ബാരൻ നിലവിൽ യുഎസിലെ ആഭ്യന്തരകാര്യങ്ങൾക്കായുള്ള ‘മതസ്വാതന്ത്ര്യ കമ്മീഷൻ’ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. പ്രസിഡന്റ് ട്രംപിന്റെ ക്ഷണം സ്വീകരിക്കുന്നതിൽ തനിക്ക് വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് നിയമനത്തെക്കുറിച്ചുള്ള വിവരം അറിഞ്ഞതിനു ശേഷം ബിഷപ്പ് പറഞ്ഞു. ജോർജ്, അംബാസഡർ മേരി ആൻ ഗ്ലെൻഡൻ, ആർച്ച്ബിഷപ്പ് ചാൾസ് ചാപ്പുട്ട് എന്നിവരുടെ പാരമ്പര്യം തുടരാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഷപ്പ് ബാരനു പുറമെ മുൻ വൈറ്റ് ഹൗസ് ഡൊമസ്റ്റിക് പോളിസി കൗൺസിൽ ഡയറക്ടർ ആയിരുന്ന ജോ ഗ്രോഗൻ, തുർക്കിയിൽ രണ്ടു വർഷത്തോളം തടവിൽ കഴിയുകയും പിന്നീട് നയതന്ത്ര ഇടപെടലുകളിലൂടെ മോചിതനാവുകയും ചെയ്ത മുൻ മിഷനറി ആൻഡ്രൂ ബ്രൺസൺ എന്നിവരെയും ട്രംപ് നിയമിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങൾ നിരീക്ഷിക്കുകയും അമേരിക്കൻ ഗവൺമെന്റിന് നയതന്ത്രപരമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സ്വതന്ത്ര ഫെഡറൽ ഏജൻസിയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF). ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കായി ശബ്ദമുയർത്തുന്നതിൽ കമ്മീഷൻ മുൻപന്തിയിൽ നിൽക്കുന്നു.




