അർജന്റീനയിൽ നിന്ന് പാപ്പയ്ക്ക് ഒരു ക്ഷണക്കത്ത്: തങ്ങളെയും സന്ദർശിക്കാൻ എത്തുമോ എന്ന് പാപ്പയോട് ചോദിച്ച് തടവുകാർ

അർജന്റീന സന്ദർശനത്തിനൊരുങ്ങുന്ന ലെയോ പതിനാലാമൻ പാപ്പയെ തങ്ങളുടെ ജയിലിലേക്ക് ക്ഷണിച്ച് അർജന്റീനയിലെ തടവുകാർ കത്തയച്ചു. ബ്യൂണസ് അയേഴ്സ് പ്രവിശ്യയിലെ ഉർദാംപില്ലെറ്റ യൂണിറ്റ് 17 തടവറയിലെ മുന്നൂറിലധികം അന്തേവാസികളാണ് മാർപാപ്പയ്ക്ക് ക്ഷണക്കത്ത് അയച്ചത്.

ജയിലിലെ വിവിധ വിഭാഗങ്ങളിൽ (Pabellones 3, 4, 5, 6, 9, 10, 11, 12) കഴിയുന്ന തടവുകാർ ഒപ്പുവച്ച നാല് വ്യത്യസ്ത കത്തുകളാണ് കൈമാറിയത്. മുൻ മാർപാപ്പയായ ഫ്രാൻസിസ് മാർപാപ്പയുമായി ഈ ജയിലിലെ തടവുകാർ ദീർഘകാലത്തെ കത്തിടപാടുകൾ പുലർത്തിയിരുന്നു. ജയിലിൽ ചാപ്പൽ നിർമ്മിക്കുന്നതിനും അവിടുത്തെ തടവുകാരുടെ മാനസിക മാറ്റങ്ങൾക്കും ഫ്രാൻസിസ് മാർപാപ്പ വലിയ പിന്തുണ നൽകിയിരുന്നു.

“ജയിലിന്റെ മതിൽക്കെട്ടുകൾ പ്രതീക്ഷകൾക്ക് അതിർവരമ്പാകരുത്” എന്ന് ഫ്രാൻസിസ് മാർപാപ്പ തങ്ങൾക്കെഴുതിയ പഴയ സന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ടാണ് പുതിയ മാർപാപ്പയായ ലെയോ പതിനാലാമനെയും തങ്ങൾക്കടുത്തേക്ക് തടവുകാർ ക്ഷണിച്ചിരിക്കുന്നത്. മാർപാപ്പയ്ക്ക് അയച്ച കത്തുകൾ അർജന്റീനയിലെ വത്തിക്കാൻ നുൺഷ്യേച്ചറിൽ (Apostolic Nunciature) ഔദ്യോഗികമായി ഏൽപ്പിച്ചു. നുൺഷ്യേച്ചർ അധികൃതർ കത്തുകൾ സ്വീകരിക്കുകയും ജയിലിൽ നടക്കുന്ന പാസ്റ്ററൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയും ചെയ്തു.

കത്തോലിക്കാ സഭയുടെ കാറ്റെക്കിസം സംഘവും പാസ്റ്ററൽ ടീമും ചേർന്നാണ് തടവുകാരുടെ ഈ ആഗ്രഹം കത്തുകളാക്കി വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിൽ എത്തിച്ചത്. ലെയോ പതിനാലാമൻ പാപ്പയുടെ അർജന്റീന സന്ദർശന വേളയിൽ ഈ ജയിൽ സന്ദർശനം കൂടി ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് തടവുകാർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.