
കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ സുവിശേഷ പ്രഘോഷകരിൽ മുൻപന്തിയിലാണ് രക്തസാക്ഷികളുടെ സ്ഥാനമെന്ന് ഓർമിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാനിലെ അപ്പസ്തോലിക് പാലസിൽ നടന്ന ’21-ാം നൂറ്റാണ്ട്: രക്തസാക്ഷികളുടെ പുതിയ കാലഘട്ടമോ?’ എന്ന കോൺഗ്രസിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയും പുതിയ രക്തസാക്ഷികൾക്കും വിശ്വാസ സാക്ഷികൾക്കുമായുള്ള കമ്മീഷനും സംയുക്തമായാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്.
“തങ്ങളെ കൊലപ്പെടുത്തിയവർ വിശ്വാസത്തോടുള്ള വെറുപ്പ് കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് വ്യക്തമായി തെളിയിക്കാനാവാത്ത സാഹചര്യങ്ങളിൽ പോലും, മരണം വരെ ക്രിസ്തുവിനോട് വിശ്വസ്തത പുലർത്തിയവരാണ് രക്തസാക്ഷികൾ. ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട വാഴ്ത്തപ്പെട്ടവരുടെയും രക്തസാക്ഷികളുടെയും പട്ടികയിൽ ഉൾപ്പെടുന്നതിനേക്കാൾ വിശാലമായ ഒരു അർഥമാണ് ഈ പദത്തിനുള്ളത്,” പാപ്പ വ്യക്തമാക്കി.
“സുവിശേഷത്തിന്റെ പേരിൽ അനീതികളെ എതിർത്തതുകൊണ്ട് അധികാര ദുർവിനിയോഗത്തിലൂടെയും ക്രിമിനൽ സംഘങ്ങളുടെ ആക്രമണങ്ങളിലൂടെയും വിവിധ ഭൂമിശാസ്ത്ര-രാഷ്ട്രീയ സാഹചര്യങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുന്നുണ്ട്. അവരെല്ലാം തങ്ങളുടെ ജീവൻ നൽകി ക്രിസ്തുവിനോട് വിശ്വസ്തത പുലർത്തിയവരാണ്. അടിച്ചമർത്തലിന്റെയും സ്വാർഥതയുടെയും ഇരുളിൽ പ്രകാശിക്കുന്ന നക്ഷത്രങ്ങളാണ് അവർ,” പാപ്പ കൂട്ടിച്ചേർത്തു.




