
പേർഷ്യൻ ഉൾക്കടലിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലേക്ക് (Strait of Hormuz) നാവികസേനയെയും സൈനിക വിഭാഗങ്ങളെയും അയക്കാൻ ദക്ഷിണ കൊറിയൻ സർക്കാർ നടത്തുന്ന ആലോചനകൾക്കെതിരെ കത്തോലിക്കാ സഭയും വിവിധ സമാധാന സംഘടനകളും രംഗത്ത്. യു.എസ് നേതൃത്വം നൽകുന്ന സൈനിക ഇടപെടലുകളിൽ ദക്ഷിണ കൊറിയ പങ്ക് ചേരുന്നത് മേഖലയിലെ പിരിമുറുക്കം വർധിപ്പിക്കുമെന്നും സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് ശക്തമായിരിക്കുന്നത്.
കൊറിയൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (CBCK) നീതിക്കും സമാധാനത്തിനുമായുള്ള കമ്മീഷനാണ് സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ആശങ്ക രേഖപ്പെടുത്തിയത്. ഏതൊരു അന്താരാഷ്ട്ര തർക്കത്തിലും സൈനിക ഇടപെടലുകൾക്ക് പകരം നയതന്ത്രപരമായ ചർച്ചകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. ആക്രമണ സ്വഭാവമുള്ള യുദ്ധങ്ങളിലോ സൈനിക നീക്കങ്ങളിലോ ദക്ഷിണ കൊറിയൻ സൈനികർ പങ്കാളികളാകുന്നത് അവരുടെ ജീവന് ഭീഷണിയാകുമെന്ന് പ്രൊ-ലൈഫ്, യുവജന പ്രസ്ഥാനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
മേഖലയിലെ കപ്പൽ ഗതാഗത സുരക്ഷ മുൻനിർത്തി അന്താരാഷ്ട്ര കൂട്ടായ്മയുടെ ഭാഗമാകാൻ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ദക്ഷിണ കൊറിയയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, സ്ഥിതിഗതികൾ പഠിക്കാൻ ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം ഒരു സംഘത്തെ അങ്ങോട്ട് അയക്കുകയും ചെയ്തിരുന്നു. എന്നാൽ, രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആത്മീയ നേതാക്കളും സൈനിക വിന്യാസത്തിന് എതിരാണ്.




