പ്രാർഥനയിലൂടെയും കൂദാശകളിലൂടെയും ദൈവത്തെ താഴ്മയോടെ സ്വീകരിക്കാൻ ആഹ്വാനം ചെയ്ത് ലെയോ പാപ്പ

പ്രാർഥനയിലൂടെയും കൂദാശകളിലൂടെയും ദൈവത്തെ എളിയ ഹൃദയത്തോടെ സ്വീകരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച ആഞ്ചലൂസ് പ്രാർഥനയ്ക്ക് നേതൃത്വം നൽകി സന്ദേശം നൽകവെയാണ് പരിശുദ്ധ പിതാവ് ഇപ്രകാരം ആഹ്വാനം ചെയ്തത്.

ദിവസേനയുള്ള പ്രാർഥനാജീവിതത്തിലും സഭയുടെ കൂദാശകളിലും പങ്കെടുക്കുമ്പോൾ ഹൃദയം താഴ്മയുള്ളതായിരിക്കണമെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. അഹങ്കാരവും സ്വന്തം കഴിവുകളിലുള്ള അമിതവിശ്വാസവും ദൈവകൃപ സ്വീകരിക്കുന്നതിന് തടസ്സമാകുമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. “ദൈവസന്നിധിയിൽ നമ്മെ പൂർണ്ണമായി സമർപ്പിക്കാനുള്ള വഴികളാണ് പ്രാർഥനയും കൂദാശകളും. ദൈവത്തിന്റെ അമൂല്യമായ ദാനങ്ങളെ നന്ദിയോടും എളിമയോടും കൂടി സ്വീകരിക്കുമ്പോഴാണ് ആത്മീയജീവിതത്തിൽ വളർച്ചയുണ്ടാകുന്നത്. ദൈവത്തിന്റെ സ്നേഹവും കരുണയും തിരിച്ചറിഞ്ഞ്, ഓരോ നിമിഷവും അവിടുത്തെ സാന്നിധ്യത്തെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാൻ വിശുദ്ധ കുർബാനയും കൂദാശകളും നമ്മെ സഹായിക്കും” – പാപ്പ കൂട്ടിച്ചേർത്തു.

ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് പരിശുദ്ധ പിതാവ് ആഞ്ചലൂസ് സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.