
യുദ്ധം ബാക്കിവയ്ക്കുന്നത് തകർന്ന കെട്ടിടങ്ങളും ചോരപ്പുഴകളും മാത്രമല്ല, ഭാവി എന്തെന്നറിയാതെ, ഒരു പേരോ, വിലാസമോ പോലും സ്വന്തമായില്ലാത്ത ഒരുകൂട്ടം കുഞ്ഞുങ്ങളെക്കൂടിയാണ്. സുഡാനിലെ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരതയിൽ, അതിക്രമത്തിന് ഇരയായി ജനിച്ച് നിയമപരമായ മേൽവിലാസമില്ലാതെ ജീവിക്കേണ്ടി വരുന്ന ‘അദൃശ്യരായ’ കുഞ്ഞുങ്ങളുടെ ഹൃദയഭേദകമായ അവസ്ഥ ലോകത്തോട് വിളിച്ചുപറയുന്ന ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക്…
കണ്ണീരിൽ കുതിർന്ന അമിറയുടെ ജീവിതം
കൈയിലുള്ള പൊന്നോമനയെ വാരിപ്പുണരുമ്പോൾ ആ പതിനേഴുകാരിയുടെ മുഖത്ത് പ്രായത്തിനു നിരക്കാത്ത ഒരു ഗൗരവവും ഭയവുമുണ്ട്. അമിറ (യഥാർഥ പേരല്ല) എന്ന സുഡാനീസ് പെൺകുട്ടിയുടെ ജീവിതം മാറ്റിമറിച്ചത് ആ രാജ്യത്തെ ആഭ്യന്തരയുദ്ധമാണ്. സുഡാനിലെ ഡാർഫർ മേഖലയിലെ എൽ-ഫാഷർ നഗരത്തിലായിരുന്നു അമിറയും കുടുംബവും താമസിച്ചിരുന്നത്. വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) നഗരം വളഞ്ഞതോടെ കടുത്ത പട്ടിണിയും ബോംബാക്രമണങ്ങളും മൂലം അവർ പലായനം ചെയ്യാൻ നിർബന്ധിതരായി.
എന്നാൽ, സുരക്ഷിത സ്ഥാനത്തേക്കുള്ള യാത്രയ്ക്കിടെ അമിറയെ ആയുധധാരികളായ മൂന്ന് RSF ഭടന്മാർ തട്ടിക്കൊണ്ടുപോയി. മാസങ്ങളോളം ക്രൂരമായ പീഡനത്തിനാണ് ആ പെൺകുട്ടി ഇരയായത്. ക്രൂരതകൾക്കൊടുവിൽ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ അവർ അവളെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ ആശുപത്രിയിലെത്തിയ അമിറ, മാസങ്ങൾക്ക് ശേഷം ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുടുംബത്തെ കണ്ടെത്താനായെങ്കിലും അവളുടെ കണ്ണീരിന് ഇനിയും അറുതിയായിട്ടില്ല.
രേഖകളില്ലാത്ത കുട്ടികൾ; ചോദ്യം ചെയ്യപ്പെടുന്ന ഭാവി
കുഞ്ഞ് പിറന്ന് എട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അമിറയ്ക്ക് തന്റെ മകന് ഒരു ജനന സർട്ടിഫിക്കറ്റോ, ദേശീയ തിരിച്ചറിയൽ നമ്പറോ വാങ്ങിനൽകാൻ സാധിച്ചിട്ടില്ല. കുട്ടിയുടെ പിതാവിന്റെ വിവരങ്ങൾ നൽകാൻ കഴിയാത്തതാണ് പ്രധാന തടസ്സം. ജനന സർട്ടിഫിക്കറ്റോ, രേഖകളോ ഇല്ലാത്തതിനാൽ ആ കുഞ്ഞിന് വാക്സിനേഷനുകളോ, സ്കൂൾ പ്രവേശനമോ ലഭിക്കുന്നില്ല.
യുദ്ധത്തിൽ അതിക്രമങ്ങൾക്കിരയാകുന്ന പെൺകുട്ടികൾക്ക് പിന്തുണ നൽകേണ്ട സമൂഹം അവരെ ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ് സുഡാനിൽ. മാനസികാഘാതവും സാമൂഹിക ഭയവും കാരണം ഇത്തരം സംഭവങ്ങൾ പുറത്തുപറയാൻ പോലും പല അമ്മമാരും തയ്യാറാകുന്നില്ല. സുഡാൻ നിയമപ്രകാരം അവിവാഹിതരായ അമ്മമാർക്കും കുട്ടികൾക്കും നിയമപരമായ അവകാശങ്ങളുണ്ടെങ്കിലും, യുദ്ധഭൂമിയിലെ സിവിൽ രജിസ്ട്രി ഓഫീസുകളുടെ തകർച്ച മൂലം ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് എങ്ങുമില്ലാത്ത അവസ്ഥയിലുള്ളത്.
ഒരു തലമുറയുടെ അനിശ്ചിതത്വം
“ഞാൻ എന്റെ മകന്റെ ഭാവിയെ ഓർത്ത് ഭയപ്പെടുന്നു. അവന് ഒരു രേഖയുമില്ല…” എന്ന് കണ്ണീരോടെ അമിറ പറയുന്നു. യുദ്ധം തകർത്ത ഒരു രാജ്യത്ത്, യാതൊരു തെറ്റും ചെയ്യാതെ സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ട ജീവിതത്തിലേക്ക് തള്ളിയിടപ്പെടുന്ന ഇത്തരം കുഞ്ഞുങ്ങൾ മനുഷ്യത്വരഹിതമായ അവസ്ഥയാണ് നേരിടുന്നത്.
കണ്ണീരിനിടയിലും മകളെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് അമിറയുടെ അമ്മ. എങ്കിലും, വിലാസമില്ലാതെ ഇരുളടഞ്ഞ ഭാവലേക്ക് വളരുന്ന കുഞ്ഞുങ്ങളുടെ ആത്മാവിന്റെ തേങ്ങൽ സുഡാനിലെ ഓരോ അമ്മയുടെയും തീരാവേദനയായി ഇന്നും ബാക്കിയാവുന്നു.




