സംസ്ഥാനത്ത് മഴയ്ക്ക് ശമനം: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് മഴ കുറയുകയും നദികളിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ ദുരിതബാധിത മേഖലകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന മറ്റ് സ്‌കൂളുകൾക്കും ഈ അവധി ബാധകമായിരിക്കും.

ചെങ്ങന്നൂർ, മാന്നാർ മേഖലകളിൽ വെള്ളപ്പൊക്കഭീഷണി ഒഴിഞ്ഞതോടെ പകുതിയോളം ക്യാംപുകൾ പിരിച്ചുവിട്ടിട്ടുണ്ട്. വീടുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുടുംബങ്ങൾ ക്യാംപുകളിൽ നിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എന്നാൽ, ഉൾപ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം പൂർണ്ണമായി ഇറങ്ങാത്തതിനാൽ പല കുടുംബങ്ങളും ക്യാമ്പുകളിൽ തന്നെ തുടരുകയാണ്.

വീടുകളും പുരയിടങ്ങളും മലിനമായ അവസ്ഥയിലായതിനാൽ ശുചീകരണ സാമഗ്രികൾ എത്തിച്ചുനൽകണമെന്ന് ദുരിതബാധിതർ അധികൃതരോട് ആവശ്യപ്പെട്ടു. ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.