

ആധുനിക വൈദ്യശാസ്ത്രത്തെ വിമർശിക്കുന്നവർ എക്കാലത്തും ഉയർത്തിക്കാട്ടുന്ന ‘താലിഡോമൈഡ്’ ദുരന്തത്തിന്റെ യഥാർഥ ചരിത്രമെന്താണ്? കപടശാസ്ത്രവാദികൾ മറച്ചുവെക്കുന്ന ആ ശാസ്ത്രീയ സത്യങ്ങൾ അറിയാം. ഡോ. ജോജോ ജോസഫ് എഴുതുന്നു.
ആധുനിക വൈദ്യശാസ്ത്രത്തോട് മുഖംതിരിക്കുന്ന ചില ചികിത്സാശാഖകളിലെ തീവ്ര വിമർശകരുടെ എക്കാലത്തെയും ഇഷ്ടവിഷയമാണ് ‘താലിഡോമൈഡ്’ (Thalidomide) എന്ന മരുന്ന്. നിരവധി ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും നിങ്ങളിൽ പലരും ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ, ഇത്തരക്കാരോട് അവരുടെ ഔഷധങ്ങളുടെ രാസഘടന (Chemical structure) എന്താണെന്നോ, അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നോ, ഏത് അവയവത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നോ, ശരീരത്തിൽ നിന്ന് എങ്ങനെ പുറന്തള്ളപ്പെടുന്നുവെന്നോ, അതിന്റെ കൃത്യമായ അളവ് (Dose) എത്രയാണെന്നോ, പാർശ്വഫലങ്ങൾ (Side effects) എന്തൊക്കെയാണെന്നോ ചോദിച്ചാൽ അവർക്ക് ഉത്തരമുണ്ടാകില്ല. പകരം അവർ ആവർത്തിക്കുന്ന ഒരു ക്ലീഷേ ചോദ്യം ഇതായിരിക്കും: “പതിനായിരം പേരെ കൊന്ന, നിരോധിച്ച മരുന്നായ താലിഡോമൈഡിനെ അറിയാമോ?” ശാസ്ത്രവിരുദ്ധരുടെ അറിവില്ലായ്മയുടെ ഏറ്റവും നല്ല ഉദാഹരണമാണിത്. യാഥാർഥ്യമെന്തെന്നാൽ, താലിഡോമൈഡ് ഇന്നും വൈദ്യശാസ്ത്രത്തിൽ സജീവമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധമാണ്. പ്രധാനമായും മൾട്ടിപ്പിൾ മൈലോമ (Multiple Myeloma), ചിലതരം കുഷ്ഠരോഗം (Leprosy) എന്നിവയുടെ ചികിത്സയിൽ ഇന്നും ഫലപ്രദമായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്.
പതിനായിരം കുട്ടികളെ കൊന്ന കഥ
ഇനി, സോഷ്യൽ മീഡിയകളിൽ കൊട്ടിഘോഷിക്കപ്പെടുന്ന ‘പതിനായിരം കുട്ടികളെ കൊന്ന, നിരോധിച്ച മരുന്നിന്റെ’ കഥയിലേക്ക് കടക്കാം. 1950-കളിൽ ജർമ്മനിയിലാണ് താലിഡോമൈഡ് കണ്ടുപിടിക്കപ്പെടുന്നത്. തുടക്കത്തിൽ ഇത് ഉറക്കത്തിനുള്ള മരുന്ന് (Sedative) ആയിട്ടാണ് ഉപയോഗിച്ചുതുടങ്ങിയത്. എന്നാൽ, ഗർഭിണികളിൽ കാണപ്പെടുന്ന ഛർദ്ദിയും അസ്വസ്ഥതകളും (Morning sickness) തടയാൻ ഇത് ഫലപ്രദമാണെന്ന് കണ്ടത്തിയതോടെ ഗര്‍ഭിണികള്‍ ഇത് വ്യാപകമായി ഉപയോഗിച്ചു. ആ കാലഘട്ടത്തിൽ ഡോക്ടറുടെ കുറിപ്പടി (Prescription) പോലുമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് കൗണ്ടർ വഴി ലഭ്യമായിരുന്ന ഒന്നായിരുന്നു ഇത്.
ഏകദേശം പത്തു വർഷങ്ങൾ മുന്നോട്ടുപോയപ്പോൾ, നവജാതശിശുക്കളിൽ കൈകാലുകളുടെ വളർച്ചാക്കുറവോടെയുള്ള (കൈകാലുകളിലെ എല്ലുകള്‍ ഇല്ലാതെയുള്ള) അപൂർവ്വ ജന്മവൈകല്യങ്ങളുടെ തോത് വർധിച്ചുവരുന്നതായി ചില ശിശുരോഗ വിദഗ്ദ്ധർ നിരീക്ഷിച്ചു. തുടർന്ന് അവർ നടത്തിയ ശാസ്ത്രീയ പഠനങ്ങളിൽ, ഇത്തരം കുട്ടികളുടെ അമ്മമാർ ഗർഭകാലത്ത് താലിഡോമൈഡ് കഴിച്ചിരുന്നുവെന്ന് കണ്ടെത്തുകയും, അവരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് വിപണിയിൽ നിന്ന് ഈ മരുന്ന് പിൻവലിക്കുകയും ചെയ്തു. കണക്കുകൾ പ്രകാരം പതിനായിരത്തോളം കുട്ടികളെയാണ് ഈ ദുരന്തം ബാധിച്ചത്.
ഇത്രയും ഭാഗം പറഞ്ഞ് കപടശാസ്ത്രക്കാര്‍ തങ്ങളുടെ വാദം അവസാനിപ്പിക്കുകയും, തങ്ങൾ നൽകുന്ന മരുന്നുകൾ കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. എന്നാൽ, കഥ ഇവിടെ തീരുന്നില്ല; അതിന്റെ മറുവശം കൂടി നിങ്ങൾ അറിയേണ്ടതുണ്ട്. ഈ ദുരന്തം എവിടെയാണ് സംഭവിച്ചത്? എന്തുകൊണ്ട് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് ബാധിച്ചില്ല? ഈ ചോദ്യങ്ങൾക്ക് അവർ മറുപടി നൽകില്ല. കാരണം, ആ സത്യങ്ങൾ തുറന്നുപറഞ്ഞാൽ ആധുനിക ശാസ്ത്രവും അതിന്റെ കൃത്യമായ പരിശോധനാ രീതികളുമാണ് ശരിയെന്ന് അവർക്ക് അംഗീകരിക്കേണ്ടിവരും. ഇവിടെയാണ് ഇന്ന് നാം പിന്തുടരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വൈദ്യശാസ്ത്രം (Evidence-based medicine) അഥവാ സയൻസ് എന്താണെന്നും, മനുഷ്യനെ ചികിത്സിക്കുന്നവർ ഈ ശാസ്ത്രീയ അടിത്തറ പിന്തുടർന്നില്ലെങ്കിൽ എന്ത് വലിയ ദുരന്തമാണ് സംഭവിക്കുക എന്നതിന്റെയും ഉദാഹരണമായി താലിഡോമൈഡ് മാറുന്നത്.
എന്തുകൊണ്ട് ഈ ദുരന്തം അമേരിക്കയിൽ സംഭവിച്ചില്ല?
ഈ ദുരന്തം അമേരിക്കയിൽ സംഭവിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. കാരണം, ജർമ്മൻ കമ്പനികൾ അമേരിക്കൻ എഫ്.ഡി.എ. യെ (FDA) അനുമതിക്കായി സമീപിച്ചപ്പോൾ, അത് പഠിക്കാൻ നിയോഗിക്കപ്പെട്ട ഡോ. ഫ്രാൻസെസ് കെൽസി (Dr. Frances Kelsey) ഈ മരുന്നിന്റെ സുരക്ഷാ ഡാറ്റ (Safety profile data) അപൂർണ്ണമാണെന്നും, അതിനാൽ അമേരിക്കയിൽ വിൽപ്പന അനുവദിക്കാൻ കഴിയില്ലെന്നും ശക്തമായി നിലപാടെടുത്തു. അങ്ങനെ അമേരിക്കയിൽ ഇത് വിൽക്കാൻ സാധിക്കാതെ വരികയും, അവിടത്തെ കുട്ടികൾ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. എങ്കിലും, ഇതിനിടയിൽ ചില ഡോക്ടർമാർക്ക് കമ്പനി നൽകിയ സാമ്പിളുകൾ ഉപയോഗിച്ചതു മൂലം ചുരുക്കം ചിലർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടുണ്ടെന്നതും സത്യമാണ്.
ഇതിൽ നിന്നും നാം തിരിച്ചറിയേണ്ടത്, ഈ ദുരന്തം ആധുനിക വൈദ്യശാസ്ത്രത്തിന്റെയോ, ശാസ്ത്രത്തിന്റെയോ കുഴപ്പമല്ല, മറിച്ച് അത് കൈകാര്യം ചെയ്തവരുടെ ഉത്തരവാദിത്വമില്ലായ്മയുടെയും വീഴ്ചയുടെയും ഫലമാണ് എന്നതാണ്. അതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ ഒരു ഗുണം കണ്ടെത്തി ഉപയോഗിച്ചു എന്നതുകൊണ്ട് അത് എക്കാലത്തും മാറ്റമില്ലാതെ തുടരണമെന്നില്ല. കാലാനുസൃതമായി അതിനെക്കുറിച്ച് വീണ്ടും പഠനങ്ങൾ നടത്താനും, നിരീക്ഷണത്തിലൂടെ ഏതെങ്കിലും പിഴവുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അത് തുറന്നുപറയാനും, തെറ്റുകൾ തിരുത്തി പുതിയ പരിഹാരങ്ങൾ കണ്ടെത്താനും ശാസ്ത്രത്തിന് എപ്പോഴും കഴിയുമെന്നതാണ്.
താലിഡോമൈഡ് പ്രശ്‌നക്കാരനാണെന്ന് ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത് ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടർമാർ തന്നെയാണ്. അവർ നടത്തിയ നിരീക്ഷണങ്ങളും പഠനങ്ങളും യാതൊരുവിധത്തിലും അവർ ഒളിച്ചുവയ്ക്കുകയോ, മൂടിവയ്ക്കുകയോ (Suppress) ചെയ്തില്ല. ആധുനിക വൈദ്യശാസ്ത്രം എത്രത്തോളം സുതാര്യമായ ഒരു സമീപനമാണ് സ്വീകരിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. കപടശാസ്ത്രവാദികൾ എക്കാലത്തും ഉന്നയിക്കുന്ന പ്രധാന ആരോപണം, ആധുനിക വൈദ്യശാസ്ത്രം പല കാര്യങ്ങളും ജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കുന്നു എന്നതാണല്ലോ. അവര്‍ അങ്ങനെ പറയുന്നത് അവരുടെ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനായി, ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ഭീതി പരത്താന്‍ (Fear-mongering) വേണ്ടി മാത്രമാണ്.
ഇനി ഈ കഥയുടെ മറ്റൊരു തലത്തിലേക്ക് കടക്കാം. എന്തുകൊണ്ട് യൂറോപ്പിലെ ശാസ്ത്രജ്ഞന്മാർക്ക് പിഴയ്ക്കുകയും അമേരിക്കക്കാർക്ക് പിഴവ് സംഭവിക്കാതിരിക്കുകയും ചെയ്തു?
1950-കളിൽ യൂറോപ്പിലെ മരുന്നു നിയമങ്ങൾ (Drug law) വളരെ ലളിതമായിരുന്നു. അമേരിക്കയിലേതു പോലെ കർശനമായ നിയന്ത്രണങ്ങൾ (Regulatory control) മരുന്നുകമ്പനികളുടെമേൽ അന്ന് അവിടെയുണ്ടായിരുന്നില്ല. ഇന്നത്തെ ഇന്ത്യൻ വിപണിയിൽ ആധുനിക വൈദ്യശാസ്ത്രം ഒഴികെ പരസ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒട്ടേറെ കാര്യങ്ങൾ വിറ്റഴിക്കപ്പെടുന്നതു കാണുമ്പോൾ എനിക്ക് യൂറോപ്പിലെ അന്നത്തെ അവസ്ഥയാണ് ഓർമ്മ വരുന്നത്. മുട്ടുവേദന, സന്ധിവാതം (Arthritis), മുടികൊഴിച്ചിൽ, ശ്വാസതടസ്സം, ഫാറ്റി ലിവർ (Fatty liver) എന്നിവ മാറ്റാൻ, എന്തിന് കാൻസറിനു വരെ അത്ഭുത ഔഷധമെന്ന പേരിൽ ചെടികൾ പിഴിഞ്ഞുകൊടുക്കുന്ന പരസ്യങ്ങൾ കാണുമ്പോൾ ആ പഴയ ചരിത്രം ആവർത്തിക്കപ്പെടുകയാണെന്ന് തോന്നിപ്പോകും. അത് അവിടെ നിൽക്കട്ടെ, നമുക്ക് വിഷയത്തിലേക്ക് തിരികെ വരാം.
ഇന്ന് വളരെ സൂക്ഷ്മമായ ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷമാണ് ഗർഭിണികളിലെ മരുന്ന് ഉപയോഗം ഡോക്ടർമാർ അനുവദിക്കുന്നത്. കാരണം, മറുപിള്ള (Placenta) വഴി ഔഷധങ്ങൾ ഗർഭസ്ഥ ശിശുവിൽ എത്തുമെന്ന് ഇന്ന് നമുക്കറിയാം. എന്നാൽ, 1950-കളിൽ മറുപിള്ള ഒരു പ്രതിരോധ ഭിത്തിയായി (Barrier) പ്രവർത്തിക്കുമെന്നും, അതിനാൽ അമ്മ കഴിക്കുന്ന മരുന്നുകൾ കുട്ടിയിൽ എത്തുകയുമില്ല എന്നുമായിരുന്നു അവർ വിശ്വസിച്ചിരുന്നത്. ഈ തെറ്റായ ധാരണ അവരെ വഴിതെറ്റിച്ചു. ഇവിടെ മറ്റൊരു കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ; ആധുനിക ശാസ്ത്രത്തെ കുറ്റപ്പെടുത്തുന്നവർ തന്നെ 5000 വർഷം മുൻപത്തെ അറിവുകളാണ് ശരിയെന്നും അതിൽ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്നും വാദിക്കാറുണ്ട്. ആ വിരോധാഭാസം തിരിച്ചറിഞ്ഞാൽ നമുക്ക് വരുംതലമുറകളുടെ ആരോഗ്യം എങ്കിലും സംരക്ഷിക്കാൻ സാധിക്കും.
അന്ന് സംഭവിച്ച മറ്റൊരു ഗുരുതരമായ പിഴവ്, മരുന്നുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ എൽ.ഡി. 50 (LD 50) അതായത്, ഒരു കൂട്ടം എലികളിൽ പരീക്ഷണം നടത്തി അതിൽ 50 ശതമാനം എലികൾ ചത്തുപോകുന്ന അളവ് മാത്രം നോക്കി അത് സുരക്ഷിതമാണെന്ന് വിധിയെഴുതിയതാണ്. എത്ര ഡോസ് കൊടുത്താലും എലികൾ ചാവുന്നില്ല എന്നത് അവർക്ക് അമിത ആത്മവിശ്വാസത്തിന് (Overconfidence) കാരണമായിമാറി. എന്നാൽ, എലികളുടെയും മനുഷ്യന്റെയും ഉപാപചയ പ്രവർത്തനങ്ങൾ (Metabolism) തികച്ചും വ്യത്യസ്തമാണെന്ന് പിന്നീട് ലോകം തിരിച്ചറിഞ്ഞു. അതിനാൽ ഇന്ന് എൽ.ഡി. 50 (LD 50) മാത്രം ഒരു ഏക മാനദണ്ഡമായി ശാസ്ത്രം സ്വീകരിക്കാറില്ല.
അതുപോലെതന്നെ, മുതിർന്ന (Senior) ശാസ്ത്രജ്ഞന്മാർ പറയുന്നതെന്തും കണ്ണടച്ച് വിശ്വസിക്കുന്ന ഒരു പ്രവണത അക്കാലത്തുണ്ടായിരുന്നു. എന്നാൽ, കാലം മുന്നോട്ടുപോയപ്പോൾ ശാസ്ത്രം ഒരു സത്യം പഠിച്ചു: ഗവേഷണ രംഗത്ത് ആൾ എത്ര വലിയ പ്രമുഖനാണെന്നതിനോ സീനിയറാണെന്നതിനോ യാതൊരു പ്രസക്തിയുമില്ല; പറയുന്ന കാര്യത്തിന് പിന്നിൽ കൃത്യമായ തെളിവുണ്ടോ എന്നത് മാത്രമാണ് പ്രധാനം. എന്നാൽ, ഇന്നും കപടശാസ്ത്രവാദികൾ പറയുന്നത് “പഴയ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്”, “പത്മഭൂഷൺ കിട്ടിയ ഡോക്ടർ പറഞ്ഞിട്ടുണ്ട്”, “മുൻ വൈസ് ചാൻസലർ പറഞ്ഞിട്ടുണ്ട്” എന്നൊക്കെയാണ്. അതേസമയം, ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ (Evidence-based) മാത്രം പ്രവർത്തിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തെ അവർ നിരന്തരം കുറ്റപ്പെടുത്തുകയും ചെയ്യും.
ബാക്കി ചരിത്രം കൂടി
ഇനി താലിഡോമൈഡിന്റെ ബാക്കി ചരിത്രം കൂടി അറിയുമ്പോഴാണ് കപടശാസ്ത്രത്തിന്റെയും യഥാർത്ഥ ശാസ്ത്രത്തിന്റെയും മുഖം നമുക്ക് പൂർണ്ണമായി മനസ്സിലാകുക. താലിഡോമൈഡ് വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ടെങ്കിലും, എന്തുകൊണ്ടാണ് അത്തരം ഒരു ദുരന്തം സംഭവിച്ചതെന്ന് കണ്ടെത്താൻ ശാസ്ത്രം നിരന്തരം പഠനങ്ങൾ തുടർന്നു. അങ്ങനെയാണ് താലിഡോമൈഡ് തന്മാത്രയ്ക്ക് ഒരു കണ്ണാടി പ്രതിബിംബം പോലെ (Mirror image / Enantiomer) രണ്ട് രൂപങ്ങളുണ്ടെന്നും, അതിലെ ആർ-ഫോമിന് (R form) സുഖകരമായ ഉറക്കം നൽകാനുള്ള ഫലമുള്ളപ്പോൾ (Sedative effect), അതിന്റെ എസ്-ഫോം (S form) നവജാതശിശുക്കളിൽ വൈകല്യങ്ങൾ ഉണ്ടാക്കുന്നുവെന്നും ശാസ്ത്രം കണ്ടെത്തിയത്. മാത്രമല്ല, ശുദ്ധീകരിച്ച (Purified) ആർ-ഫോം (R form) മാത്രം ശരീരത്തിൽ പ്രവേശിപ്പിച്ചാൽ പോലും, അത് ശരീരത്തിനുള്ളിൽ വച്ച് വീണ്ടും അപകടകാരിയായ എസ്-ഫോം (S form) ആയി രൂപമാറ്റം പ്രാപിക്കുമെന്നും ഗവേഷകർ തിരിച്ചറിഞ്ഞു.
ശാസ്ത്രം അവിടെയും അവസാനിച്ചില്ല; പരീക്ഷണങ്ങൾ കൂടുതൽ ആഴത്തിൽ തുടർന്നു. ഇതിന്റെ യഥാർഥ പ്രവർത്തനരീതി (Action) കോശങ്ങളിലെ സെറിബ്ലോൺ (Cereblon) എന്ന പ്രോട്ടീനുമായി ബന്ധിപ്പിച്ച് (Bind) അതിനെ തടസ്സപ്പെടുത്തുകയും (Block), അതുവഴി കോശങ്ങളുടെ വളർച്ചയും വികാസവും (Development) മന്ദീഭവിപ്പിക്കുകയുമാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് തെളിഞ്ഞു. തുടർപഠനങ്ങളിലൂടെ, ഈ സെറിബ്ലോൺ തടസ്സപ്പെടുത്തൽ പ്രക്രിയ വഴി മൾട്ടിപ്പിൾ മൈലോമ (Multiple Myeloma) പോലുള്ള മാരകമായ അർബുദങ്ങൾക്ക് ഫലപ്രദമായ ശമനമുണ്ടാക്കാൻ സാധിക്കുമെന്ന് ശാസ്ത്രം കണ്ടെത്തി. അങ്ങനെ, കീമോതെറാപ്പി പരാജയപ്പെട്ട് മരണം മാത്രം മുന്നിൽക്കണ്ട് കിടന്നിരുന്ന രോഗികൾക്ക്, കപടശാസ്ത്രവാദികൾ ‘പതിനായിരം കുട്ടികളെ കൊന്ന വില്ലൻ’ എന്ന് മുദ്രകുത്തിയ അതേ മരുന്ന് പിന്നീട് പുതുജീവനേകി. അതുപോലെതന്നെ, വിട്ടുമാറാത്ത കുഷ്ഠരോഗികൾക്ക് ആശ്വാസം പകരാനും നാം ഇന്ന് ആശ്രയിക്കുന്നത് ഈ വില്ലനെ തന്നെയാണ്. എങ്കിലും, ഈ ഗുണങ്ങൾക്കിടയിലും വിട്ടുമാറാത്ത നാഡിവീക്കം (Perpetual neuropathy) പോലുള്ള പാർശ്വഫലങ്ങൾ (Side effects) വെല്ലുവിളിയായി ഉയർന്നുവന്നപ്പോൾ, താലിഡോമൈഡിന്റെ കൂടുതൽ ആധുനിക രൂപങ്ങളായ ലെനാലിഡോമൈഡ് (Lenalidomide), പൊമാലിഡോമൈഡ് (Pomalidomide) എന്നിവയാണ് ഇന്ന് വൈദ്യശാസ്ത്രം ഉപയോഗിക്കുന്നത്.
താലിഡോമൈഡ് സംഭവത്തിന്റെ ഒരു വശം മാത്രം അടർത്തിമാറ്റി അവതരിപ്പിച്ച് ആധുനിക വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്ന കപടശാസ്ത്ര പ്രചാരകരോട് ഒന്നേ പറയാനുള്ളൂ: താലിഡോമൈഡ് സംഭവം ശാസ്ത്രത്തിന്റെ പരാജയമല്ല, മറിച്ച് അതിന്റെ പാളിച്ചകൾ സ്വയം തിരിച്ചറിഞ്ഞ്, തെറ്റുകൾ തിരുത്തി ഒരു വില്ലനെത്തന്നെ ജീവൻ രക്ഷിക്കുന്ന ഔഷധമാക്കി മാറ്റിയ വിജയത്തിന്റെ ചരിത്രമാണ്. ഇനിയെങ്കിലും അതിന്റെ പൂർണ്ണരൂപം പറയാൻ തയ്യാറാകൂ; ആദ്യപകുതി മാത്രം പറഞ്ഞ് സാധാരണക്കാരുടെ അജ്ഞതയെ ചൂഷണം ചെയ്ത് വഞ്ചിക്കാതിരിക്കുക. അതുപോലെതന്നെ, പൊതുജനങ്ങളോട് സ്നേഹത്തോടെ പറയാനുള്ളത് ഇതാണ്: ഇതുപോലെ വ്യാജ അവകാശവാദങ്ങളുമായി വരുന്ന കപടശാസ്ത്രക്കാരോട് അവരുടെ മരുന്നിന്റെ ഉള്ളടക്കം (Content) എന്താണെന്നും, ശരീരത്തിൽ എവിടെ പ്രവർത്തിച്ചാണ് (Act) രോഗം ഭേദമാകുന്നതെന്നും ധൈര്യമായി ചോദിക്കുക.




