ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഓഗസ്റ്റ് 10

1741 ഓഗസ്റ്റ് 10 നാണ് കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡ വർമയുടെ സൈന്യം വിജയിച്ചത്. ഡച്ച് സൈന്യവുമായിട്ടായിരുന്നു ഏറ്റുമുട്ടൽ. തിരുവിതാംകൂർ രാജാവിന്റെ കൈയിൽ നിന്നും ഒരു കച്ചവടകേന്ദ്രം പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തോടെ ക്യാപ്റ്റൻ യൂസ്ടാഷ്യസ് ഡിലനോയിയുടെ നേതൃത്വത്തിൽ ഒരു ഡച്ച് കപ്പൽപട തിരുവിതാംകൂറിന്റെ കടൽ തീരത്തേക്കു നീങ്ങിയതോടെയാണ് കുളച്ചൽ യുദ്ധം ആരംഭിക്കുന്നത്. മാർത്താണ്ഡ വർമ്മയെ തെക്കുനിന്ന് ആക്രമിക്കാൻ തീരുമാനിച്ച അവർ ഡച്ച് അധീനതയിലായിരുന്ന ശ്രീലങ്കയിൽ നിന്നും കപ്പൽമാർഗം പടയാളികളെ ഇറക്കുകയായിരുന്നു. എന്നാൽ രാജാവിന്റെ സൈന്യത്തിന്റെ വരവോടെ ഡച്ച് സൈന്യം പ്രതിരോധത്തിലായി. ഒരു വിദേശശക്തിക്ക് ഏഷ്യയുടെ മണ്ണിൽ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിൻവാങ്ങേണ്ടി വന്ന ആദ്യ യുദ്ധമായിരുന്നു ഇത്. ക്യാപ്റ്റൻ ഡിലനോയ് ഉൾപ്പെടെ ധാരാളം ഡച്ചുകാർ തടവുകാരായി പിടിക്കപ്പെട്ടു.

പട്ടികജാതി സംവരണം ഹിന്ദുമതവിശ്വാസികൾക്കു മാത്രമായി നിജപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഉത്തരവ് രാഷ്ട്പതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് പുറപ്പെടുവിച്ചത് 1950 ഓഗസ്റ്റ് 10 നായിരുന്നു. അതോടെ മറ്റു മതവിശ്വാസങ്ങൾ സ്വീകരിക്കുന്ന ദളിത് വിഭാഗക്കാർക്ക് സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെട്ടു. ഇതുവരെ രണ്ടു ഭേദഗതികളാണ് ഈ ഉത്തവരിനുണ്ടായിട്ടുള്ളത്. 1956 ലും 1990 ലുമായിരുന്നു അവ. ഈ ഭേദഗതികളിലൂടെ സിഖ്, ബുദ്ധമത വിശ്വാസികളെക്കൂടി പട്ടികജാതി സംവരണ പരിധിയിൽ ഉൾപ്പെടുത്തി.

ആദ്യ ബഹിരാകാശ വിവാഹം നടന്നത് 2003 ഓഗസ്റ്റ് 10 നായിരുന്നു. റഷ്യൻ ബഹിരാകാശ സഞ്ചാരിയായ യൂറി മെലഞ്ചെക്കോ ആണ് ബഹിരാകാശത്ത് ആയിരിക്കുമ്പോൾ വിവാഹിതനായത്. ഏകത്റീന ദിമിത്രിയേവ് ആയിരുന്നു വധു. വിവാഹം നടക്കുമ്പോൾ ദിമിത്രിയേവ് ഹൂസ്റ്റണിലുള്ള നാസയുടെ ഹെഡ്ക്വാർട്ടേഴ്സിലും മെലഞ്ചെക്കോ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുമായിരുന്നു. സാറ്റലൈറ്റ് ലിങ്ക് വഴിയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് വരന്റെ അതേ വലിപ്പത്തിലുള്ള കാർബോർഡ് കട്ടൗട്ടുമായി വധു ഫോട്ടോകൾക്ക് പോസ് ചെയ്തു.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.