പമ്പയിൽ ജലനിരപ്പ് ഉയരുന്നു: റാന്നിയിൽ ജാഗ്രതാനിർദേശം

പമ്പാനദിയിൽ ജലനിരപ്പ് വീണ്ടും ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട റാന്നിയിൽ പൊലീസ് ജാഗ്രതാനിർദേശം നൽകി. പ്രദേശം വീണ്ടും വെള്ളത്തിനടിയിലാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടു.

കക്കാട്ട് ആറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർക്ക് മിന്നൽപ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളമിറങ്ങിത്തുടങ്ങിയ ടൗണിൽ വീണ്ടും ആശങ്ക പരന്നിരിക്കുകയാണ്. നിറപുത്തരി പൂജയ്ക്കായി നട തുറന്ന സമയത്ത് എത്തിയ ശബരിമല തീർഥാടകരെ സുരക്ഷ മുൻനിർത്തി എരുമേലിയിലും നിലയ്ക്കലിലും തടഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടൂ.

പത്തനംതിട്ടയിലെ മലയോര മേഖലകളിൽ രാത്രിയോടെ തന്നെ ജാഗ്രതാ അനൗൺസ്മെന്റുകൾ പുറപ്പെടുവിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.