
ഹെയ്തിയിൽ അക്രമങ്ങൾ അഴിച്ചുവിടുന്ന ഗുണ്ടാസംഘങ്ങൾ രാജ്യത്തെ കത്തോലിക്കാ സഭയെയും അനുബന്ധ സ്ഥാപനങ്ങളെയും ബോധപൂർവം ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഗുണ്ടാ സംഘങ്ങളുടെ നിരന്തരമായ ആക്രമണങ്ങളെ തുടർന്ന് പോർട്ട് ഒ പ്രിൻസിൽ മാത്രം 40 ഓളം ഇടവകകൾ പ്രവർത്തനം നിർത്തിവച്ചു. കൂടാതെ സെൻട്രൽ പ്ലാറ്റോയിൽ 15-ഓളം പള്ളികളും ആർട്ടിബോണൈറ്റിൽ 10-ഓളം പള്ളികളും അടച്ചുപൂട്ടി.
ജനങ്ങൾക്ക് ധാർമ്മികവും ആത്മീയവുമായ പിന്തുണ നൽകുന്ന അവസാനത്തെ പ്രധാന ശക്തിയായതിനാലാണ് കത്തോലിക്കാ സഭയ്ക്ക് നേരെ അക്രമങ്ങൾ വ്യാപകമാകുന്നതെന്ന് ജെറെമിയിലെ ബിഷപ്പ് ജോസഫ് ഗൊൺട്രാൻഡ് ഡെകോസ്റ്റ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കത്തോലിക്കാ ചാരിറ്റി സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (ACN)-ന് നൽകിയ അഭിമുഖത്തിലാണ് ബിഷപ്പ് രാജ്യത്തെ ഭയാനകമായ അവസ്ഥ വിവരിച്ചത്.
തലസ്ഥാനമായ പോർട്ട് ഒ പ്രിൻസിന്റെ വലിയൊരു പങ്കും പ്രധാന ഹൈവേകളും ആയുധധാരികളായ അക്രമികളുടെ നിയന്ത്രണത്തിലാണ്. സ്കൂളുകളും റിലീജിയസ് ഹൗസുകളും ആക്രമിക്കുകയും തീയിടുകയും ചെയ്ത അക്രമികൾ, പല കെട്ടിടങ്ങളും തങ്ങളുടെ താവളങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ഇതു കൂടാതെ കഴിഞ്ഞ കുറച്ചുകാലമായി സന്യാസിനികൾക്കും വൈദികർക്കും നേരെ വലിയ തോതിലുള്ള അക്രമങ്ങളാണ് നടക്കുന്നത്.
2024-ൽ മാത്രം ഒൻപത് സന്യാസിനികളും അഞ്ച് ബ്രദേഴ്‌സും നാല് വൈദികരും തട്ടിക്കൊണ്ടുപോകലിന് ഇരയായി. 2025 മാർച്ച് 31-ന് മിറെബലെയിൽ വച്ച് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസാ സഭാംഗങ്ങളായ രണ്ടു സന്യാസിനിമാർ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2026-ന്റെ ആദ്യ ഏഴ് മാസങ്ങൾക്കിടെ ഒരു വൈദികാർഥി കൊല്ലപ്പെടുകയും രണ്ട് വൈദികർ തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തു.
വൻ സുരക്ഷാ ഭീഷണിയും ഭയവും നിലനിൽക്കുമ്പോഴും കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ല. റേഡിയോ പ്രക്ഷേപണങ്ങൾ, ഓൺലൈൻ ക്ലാസുകൾ, വീടില്ലാതായവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ജനങ്ങൾക്ക് പിന്തുണ നൽകുന്നത് തുടരുകയാണ്. “ഹെയ്തിയിൽ ഒരു പഴഞ്ചൊല്ലുണ്ട്: ‘തല വെട്ടിമാറ്റാത്തിടത്തോളം കാലം തൊപ്പി ധരിക്കാമെന്ന പ്രതീക്ഷ നമുക്കുണ്ട്.’ അതിനാൽ ഞങ്ങൾ പ്രാർഥനയും പ്രത്യാശയും കൈവിടില്ല,” ബിഷപ്പ് ഡെകോസ്റ്റ് കൂട്ടിച്ചേർത്തു.




