
സുഡാനിലെ അധിനിവേശ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർ.എസ്.എഫ്) സഖ്യകക്ഷികളും ചേർന്ന് എത്യോപ്യൻ അതിർത്തിയിലെ തന്ത്രപ്രധാനമായ കുർമുക് നഗരം പിടിച്ചെടുത്തു. സുഡാനീസ് സൈന്യം പിന്മാറിയതിനെ തുടർന്നാണ് ബ്ലൂ നൈൽ പ്രവിശ്യയിലെ ഈ സുപ്രധാന നഗരം വിമതരുടെ നിയന്ത്രണത്തിലായത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഡ്രോണുകളും പീരങ്കിപ്പടയും ഉപയോഗിച്ച് നടത്തിയ ശക്തമായ ആക്രമണത്തിനൊടുവിലാണ് ആർ.എസ്.എഫും എസ്.പി.എൽ.എം-നേഷണൽ (SPLM-N) വിമതരും ചേർന്ന് നഗരം പിടിച്ചെടുത്തത്. സൈന്യത്തിന് കനത്ത നഷ്ടം വരുത്തിയതായി ആർ.എസ്.എഫ് അവകാശപ്പെട്ടു. ഇതിനിടയിൽ വടക്കൻ കോർഡോഫാനിലെ പ്രധാന നഗരമായ ജബ്ര അൽ-ഷെയ്ഖിന് നേരെ ആർ.എസ്.എഫ് നടത്തിയ ആക്രമണത്തെ സുഡാൻ സൈന്യം ചെറുത്തുതോൽപ്പിച്ചു. നൂറിലധികം യുദ്ധവാഹനങ്ങളുമായി എത്തിയ വിമതരിൽ നിരവധി പേരെ സൈന്യം വധിക്കുകയും ചിലരെ പിടികൂടുകയും ചെയ്തു.
2023 ഏപ്രിൽ മുതൽ സുഡാൻ സൈന്യവും ആർ.എസ്.എഫും തമ്മിൽ നടക്കുന്ന ആഭ്യന്തര യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും, കോടിക്കണക്കിന് ആളുകൾ അഭയാർഥികളാകുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ പട്ടിണിക്കും പലായനത്തിനുമാണ് ഈ യുദ്ധം കാരണമായിരിക്കുന്നത്.




