
സ്പെയിനിലെ മാഡ്രിഡിലുള്ള ദൈവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അപമാനത്തിനും അപൂർവ തിരുശേഷിപ്പ് (Relic) മോഷ്ടിക്കപ്പെട്ട സംഭവത്തിനും എതിരെ ശക്തമായ ക്രിമിനൽ അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് പ്രമുഖ ക്രൈസ്തവ അഭിഭാഷക സംഘടനയായ ‘ആബോഗാഡോസ് ക്രിസ്റ്റിയാനോസ്’ കോടതിയെ സമീപിച്ചു. മാഡ്രിഡിലെ സെന്റ് മാർഗ്ഗരറ്റ് മേരി അലക്കോക്ക് ഇടവക ദൈവാലയത്തിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമികൾ രണ്ട് സക്രാരികൾ തകർക്കുകയും പരിശുദ്ധ ദിവ്യകാരുണ്യത്തെ അപമാനിക്കുകയും തിരുശേഷിപ്പ് മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു.
ഈശോയുടെ തിരുഹൃദയ ഭക്തി പ്രചരിപ്പിച്ച വിശുദ്ധ മാർഗ്ഗരറ്റ് മേരി അലക്കോക്കിന്റെ ദൈവാലയത്തിൽ സൂക്ഷിച്ചിരുന്ന അപൂർവ തിരുശേഷിപ്പാണ് അക്രമികൾ അപഹരിച്ചത്. കത്തോലിക്കാ സഭയിലെ ഏറ്റവും പരിശുദ്ധമായി കരുതപ്പെടുന്ന ദിവ്യകാരുണ്യത്തിന് നേരെ നടന്ന ഈ നീചമായ പ്രവൃത്തിയിൽ സ്പെയിനിലെ ക്രൈസ്തവ സമൂഹവും വിശ്വാസികളും കടുത്ത അമർഷത്തിലും ദുഃഖത്തിലുമാണ്. അപമാനിക്കപ്പെട്ട വിശുദ്ധ കൂദാശയ്ക്കും തിരുശേഷിപ്പുകൾക്കും പരിഹാരമായി ദൈവാലയത്തിൽ പ്രത്യേക പരിഹാര പ്രദക്ഷിണവും പ്രാർഥനാ ശുശ്രൂഷകളും നടത്തുമെന്ന് സഭാ അധികാരികൾ അറിയിച്ചു.
ക്രൈസ്തവ വിശ്വാസത്തെയും ആരാധനാലയങ്ങളെയും ബോധപൂർവം അധിക്ഷേപിക്കുന്നതിനെതിരെ കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകരുടെ സംഘടന പരാതി നൽകിയിരിക്കുന്നത്. സ്പെയിനിൽ അടുത്ത കാലത്തായി ക്രൈസ്തവ ദൈവാലയങ്ങൾക്കും പ്രതീകങ്ങൾക്കും നേരെ ഉണ്ടാകുന്ന ആക്രമണ സംഭവങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് നിയമപരമായ കർശന നടപടികൾ വേണമെന്ന ആവശ്യം ശക്തമാകുന്നത്.




