
മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചുവരുന്നതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. കുടിയേറ്റക്കാരുടെ സുരക്ഷയെക്കുറിച്ച് വത്തിക്കാനും മെത്രാന്മാരും ആശങ്ക ഉന്നയിക്കുന്നത് തുടരുമ്പോഴാണ്, 2026-ന്റെ ആദ്യ നാല് മാസങ്ങളിൽ യൂറോപ്പിലേക്കുള്ള രണ്ട് പ്രധാന പാതകളിൽ മരിക്കുകയോ, കാണാതാവുകയോ ചെയ്ത കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി ഓഗസ്റ്റ് 12-ന് പുറത്തുവിട്ട യു.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
യു.എന്നിന്റെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, യാത്രയിലുടനീളം നിരവധി കുടിയേറ്റക്കാർ മനുഷ്യക്കടത്തുകാരുടെയും തട്ടിപ്പുകാരുടെയും ഇരകളാകുന്നുണ്ട്. എന്നിരുന്നാലും, മരണസംഖ്യ ഉയരാനുള്ള പ്രധാന കാരണം മെഡിറ്ററേനിയൻ കടലിൽ നടക്കുന്ന മുങ്ങിമരണങ്ങളാണ്.
“ശ്രദ്ധ മുഴുവൻ ചില പ്രത്യേക പാതകളിൽ മാത്രമായി ഒതുങ്ങുകയാണ് പതിവ്. എന്നാൽ ലോകമെമ്പാടുമുള്ള 30.4 കോടി അന്താരാഷ്ട്ര കുടിയേറ്റക്കാരിൽ പകുതിയോളം പേരും തൊഴിൽ, കുടുംബം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയ്ക്കായി തങ്ങളുടെ സ്വന്തം പ്രദേശങ്ങൾക്കുള്ളിൽ തന്നെയാണ് യാത്ര ചെയ്യുന്നത്,” IOM ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഉഗോച്ചി ഡാനിയൽസ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, കുടിയേറ്റക്കാരുടെ മരണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയത് സെൻട്രൽ മെഡിറ്ററേനിയൻ, ഈസ്റ്റേൺ മെഡിറ്ററേനിയൻ എന്നീ രണ്ട് പാതകളിലാണ്. സെൻട്രൽ പാത പ്രധാനമായും വടക്കൻ ആഫ്രിക്കയിൽ നിന്ന് ഇറ്റലിയിലേക്ക് എത്തുന്ന കുടിയേറ്റക്കാരെയും, ഈസ്റ്റേൺ പാത പടിഞ്ഞാറൻ ഏഷ്യയിൽ നിന്ന് ഗ്രീസ്, സൈപ്രസ്, ബൾഗേറിയ എന്നിവിടങ്ങളിലേക്ക് പോകുന്നവരെയുമാണ് കാണിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, സെൻട്രൽ മെഡിറ്ററേനിയൻ പാതയിലൂടെ മരിക്കുകയോ, കാണാതാവുകയോ ചെയ്ത കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞത് 821 ആണ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 111% വർധനവാണിത്. മുങ്ങിമരണമാണ് മരണത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനുവരിയിൽ മാത്രം ഉണ്ടായ ‘ഹാരി’ ചുഴലിക്കാറ്റ് (Cyclone Harry) മൂലം ഏകദേശം 430 കുടിയേറ്റക്കാർ മരിക്കുകയോ, കാണാതാവുകയോ ചെയ്തിട്ടുണ്ട്.
“ഈ റിപ്പോർട്ടിൽ നൽകിയിട്ടുള്ള കണക്കുകൾ യഥാർഥ മരണസംഖ്യയേക്കാൾ വളരെ കുറവായിരിക്കാൻ സാധ്യതയുണ്ടെങ്കിൽ പോലും, ഈ പാതകളിൽ കുടിയേറ്റക്കാർ നേരിടുന്ന വലിയ അപകടസാധ്യതകളിലേക്ക് ഈ വിവരങ്ങൾ വിരൽ ചൂണ്ടുന്നു,” റിപ്പോർട്ടിൽ പറയുന്നു.




