നൈജീരിയയിലെ ക്രൈസ്തവ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അക്രമസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ

നൈജീരിയയിൽ ക്രൈസ്തവ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ വർധിച്ചുവരുന്ന അക്രമസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് യു.എൻ മനുഷ്യാവകാശ വിദഗ്ധർ നൈജീരിയൻ അധികൃതർക്ക് അയച്ച സംയുക്ത കത്ത് പരസ്യപ്പെടുത്തി. കത്ത് അയച്ച് 60 ദിവസത്തിനകം മറുപടി നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇത് പരസ്യമാക്കിയത്.

വടക്കൻ നൈജീരിയയിലും മിഡിൽ ബെൽറ്റ് മേഖലയിലും ക്രൈസ്തവ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ നടക്കുന്ന കൊലപാതകങ്ങൾ, നിർബന്ധിത മതപരിവർത്തനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ ചൂണ്ടിക്കാട്ടുന്നതായിരുന്നു ജൂൺ ഒന്നിലെ ഈ കത്ത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ സംബന്ധിച്ച യു.എൻ പ്രത്യേക പ്രതിനിധി റീം അൽസാലം, നിർബന്ധിതമായി കാണാതാകുന്നതിനെക്കുറിച്ചുള്ള വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർമാൻ ഗബ്രിയേല സിട്രോണി, അനാവശ്യ കൊലപാതകങ്ങളെക്കുറിച്ചുള്ള പ്രത്യേക പ്രതിനിധി മോറിസ് ടിഡ്ബാൾ-ബിൻസ്, ന്യൂനപക്ഷ വിഷയങ്ങൾക്കുള്ള യു.എൻ പ്രത്യേക പ്രതിനിധി നിക്കോളാസ് ലെവ്രാറ്റ്, പീഡന വിരുദ്ധ പ്രതിനിധി ആലീസ് ജിൽ എഡ്വേർഡ്സ് എന്നിവരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.

“മത-വിശ്വാസ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് പറയുമ്പോൾ, വടക്കൻ സംസ്ഥാനങ്ങളിലും പ്രാദേശിക മേഖലകളിലും ഉള്ള ന്യൂനപക്ഷ സമുദായങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവ സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട് നടക്കുന്ന മതപ്രേരിത അക്രമങ്ങളിലും പീഡനങ്ങളിലും ഞങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു,” കത്തിൽ പറയുന്നു.

വടക്കൻ പ്രദേശങ്ങളിലും മിഡിൽ ബെൽറ്റ് മേഖലയിലും പ്രവർത്തിക്കുന്ന ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP), ഫുലാനി സായുധ സംഘങ്ങൾ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളാണ് വർധിച്ചുവരുന്ന ഈ അക്രമങ്ങൾക്ക് കാരണമെന്നും, ഇവരെ ചെറുക്കുന്നതിൽ നൈജീരിയൻ അധികൃതരുടെ ഭാഗത്തു നിന്ന് ഉദാസീനതയും വീഴ്ചയും ഉണ്ടായിട്ടുണ്ടെന്നും യു.എൻ വിദഗ്ധർ ചൂണ്ടിക്കാട്ടി.

രണ്ട് സ്ത്രീകളെ സായുധ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവം, 13 കാരിയായ പെൺകുട്ടിയെ നിർബന്ധിച്ച് മതപരിവർത്തനം നടത്തി വിവാഹം കഴിച്ചത്, ബൊക്കോ ഹറാം ഒരു പാസ്റ്ററുടെ രണ്ട് പെൺമക്കളെയും പള്ളിയിലെ മറ്റ് അംഗങ്ങളെയും തട്ടിക്കൊണ്ടുപോയത്, കൂടാതെ സായുധ തീവ്രവാദിയുടെ വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 16 കാരിയായ പെൺകുട്ടിയുടെ കൈ വെട്ടിമാറ്റിയ സംഭവം എന്നിവയും കത്തിൽ എടുത്തുപറയുന്നുണ്ട്.

“ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകളുടെ നിജസ്ഥിതിയെക്കുറിച്ച് ഇപ്പോൾതന്നെ തീർപ്പുകൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിലും, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിലും പീഡിപ്പിക്കുന്നതിലും സായുധ സംഘങ്ങളുടെ ഭീഷണികളിലും ഷിക്കാർക്കിറിലെ സഭാ അംഗങ്ങളെ കാണാതായതിലും ഞങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു,” യു.എൻ വിദഗ്ധർ പറഞ്ഞു.

“ഈ അതിക്രമങ്ങൾക്ക് നേരെ സർക്കാർ ഉദ്യോഗസ്ഥർ കാട്ടുന്ന നിഷ്ക്രിയത്വത്തെക്കുറിച്ചും ഒത്താശകളെക്കുറിച്ചും തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെ കണ്ടെത്താനുള്ള അന്വേഷണങ്ങളിലെ മന്ദഗതിയെക്കുറിച്ചുമുള്ള റിപ്പോർട്ടുകളിൽ ഞങ്ങൾ അസ്വസ്ഥരാണ്,” അവർ കൂട്ടിച്ചേർത്തു.

ഈ ആരോപണങ്ങൾക്ക് മറുപടി നൽകാനും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അക്രമങ്ങൾ തടയാൻ സ്വീകരിച്ച നടപടികളുടെയും അന്വേഷണങ്ങളുടെയും വിവരങ്ങൾ നൽകാനും കത്തിലൂടെ നൈജീരിയൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രത്യേകിച്ച് വടക്കൻ സംസ്ഥാനങ്ങളിൽ, മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ നൈജീരിയൻ സർക്കാരിനോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അധികാരികളോട് അഭ്യർഥിക്കുകയും ചെയ്തു.

തട്ടിക്കൊണ്ടുപോകപ്പെട്ടവർ, ലൈംഗിക അതിക്രമങ്ങൾക്ക് ഇരകളായവർ, നിർബന്ധിത മതപരിവർത്തനത്തിനും നിർബന്ധിത വിവാഹത്തിനും ഇരകളായവർ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെയും കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാൻ കഴിയാത്തവരെയും സംരക്ഷിക്കുന്നതിന് അടിയന്തര ഇടക്കാല നടപടികൾ സ്വീകരിക്കണമെന്നും യു.എൻ വിദഗ്ധർ ആവശ്യപ്പെട്ടു. കൂടുതൽ ലംഘനങ്ങൾ ഉണ്ടാകുന്നത് തടയാനും ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും നൈജീരിയൻ അധികൃതരോട് അവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.