
വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കൊണ്ടുവരാൻ ഉദ്ദേശിച്ച വിവാദപരമായ ഭേദഗതികൾ പാർലമെന്റിൽ തൽക്കാലത്തേക്ക് മാറ്റിവയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ). പുതിയ ഭേദഗതികൾ ജീവകാരുണ്യ പ്രവർത്തനങ്ങളെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക സഭാനേതൃത്വവും പ്രതിപക്ഷ കക്ഷികളും ശക്തമായി ഉന്നയിച്ചിരുന്നു.
മാർച്ച് 26-നാണ് ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. എന്നാൽ കടുത്ത എതിർപ്പിനെത്തുടർന്ന് ബില്ലിന്റെ തുടർന്നുള്ള നടപടികൾ സർക്കാർ മാറ്റിവെക്കുകയായിരുന്നു. എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ, എൻജിഒകളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും ആസ്തികളും ഫണ്ടും ഏറ്റെടുക്കാൻ കേന്ദ്ര നിയന്ത്രിത അതോറിറ്റിക്ക് അധികാരം നൽകുന്ന വ്യവസ്ഥയോട് മെത്രാൻ സമിതി ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു.
ഭരണഘടന നൽകുന്ന സ്വത്തവകാശത്തിനും (Article 300A) ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തിനും മേലുള്ള കടന്നുകയറ്റമാണിതെന്നും ചെറിയ സാങ്കേതിക പിഴവുകൾക്ക് പോലും സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതും ആസ്തികൾ കണ്ടുകെട്ടുന്നതും നീതിയുക്തമല്ലെന്നും സഭ വ്യക്തമാക്കിയിരുന്നു. എഫ്.സി.ആർ.എ നിയമത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ കൂടുതൽ കൂടിയാലോചനകൾ നടത്തണമെന്നും, വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ സ്വതന്ത്രമായ ജുഡീഷ്യൽ മേൽനോട്ടം ഉറപ്പാക്കണമെന്നും സി.ബി.സി.ഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.




