
റഷ്യൻ നിയന്ത്രണത്തിലുള്ള ദക്ഷിണ ഉക്രൈനിലെ ഒലെഷ്കി നഗരത്തിൽ ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതത്തിലായ ജനങ്ങൾ ജീവൻ പണയം വച്ച് കിലോമീറ്ററുകളോളം കാൽനടയായും സൈക്കിളിലുമായി യാത്ര ചെയ്യുന്നു. മൈനുകൾ നിറഞ്ഞതും ആക്രമണ ഡ്രോണുകളുടെ ഭീഷണി നിറഞ്ഞതുമായ അപകടപാതയെ ‘മരണപ്പാത’ എന്നാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിന് ശേഷം നഗരത്തിലെ കടകളിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വിതരണം നടന്നിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള റഡെൻസ്‌കിലേക്ക് (Radensk) ഭക്ഷണത്തിനായി യാത്ര ചെയ്യവേ ലാൻഡ്മൈൻ പൊട്ടിത്തെറിച്ച് പരിക്കേറ്റ ഒരു സ്ത്രീ ഉൾപ്പെടെയുള്ളവരുടെ ദുരിതകഥകൾ പുറത്തുവന്നിട്ടുണ്ട്.
യുദ്ധത്തിനു മുൻപ് 24,000 ജനസംഖ്യയുണ്ടായിരുന്ന ഒലെഷ്കിയിൽ ഇപ്പോൾ 47 കുട്ടികൾ ഉൾപ്പെടെ ഏകദേശം 1,700 ജനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇവിടെ വൈദ്യുതി, കുടിവെള്ളം, പാചകവാതകം എന്നിവ പൂർണ്ണമായി നിലച്ച നിലയിലാണ്. ജനങ്ങൾ പട്ടിണിയോ റഷ്യൻ ആക്രമണങ്ങൾ മൂലമോ മരിക്കുമെന്ന അവസ്ഥയിലാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ശീതകാലം അടുത്തെത്തിയതോടെ പച്ചക്കറികളും ബാക്കി നിന്ന ഭക്ഷണസാധനങ്ങളും തീർന്ന അവസ്ഥയും ഇവിടെ നിലനിൽക്കുകയാണ്.




