
മഹാരാഷ്ട്രയിലെ അഹ്‌ലാനഗർ (പഴയ അഹ്മദ് നഗർ) ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഷാനി ശിംഗ്നാപൂർ എന്ന ഗ്രാമത്തിൽ വീടുകൾക്ക് മുൻവശത്ത് വാതിലുകളോ പൂട്ടുകളോ ഇല്ല. മുംബൈയിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലെ ജനസംഖ്യ പതിനായിരത്തോളമാണ്. വീടുകൾക്ക് മാത്രമല്ല, കടകൾക്കും പൊതുസ്ഥലങ്ങൾക്കും ഇവിടെ വാതിലുകളോ താൽക്കാലിക മറകളോ പതിവില്ല. 2011-ൽ ഇവിടെ ആരംഭിച്ച ദേശസാത്കൃത ബാങ്കിന്റെ മുൻവാതിൽ പോലും ലോക്കുകൾ ഇല്ലാത്ത ഗ്ലാസ് കൊണ്ട് നിർമ്മിച്ചതായിരുന്നു. ഗ്രാമത്തെ സംരക്ഷിക്കുന്നത് ശനീശ്വരനാണെന്നും ഇവിടെ മോഷണം നടന്നാൽ ദൈവീക ശിക്ഷ ഉണ്ടാകുമെന്നുമാണ് ഇവിടുത്തെ ജനങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസം.
300 വർഷത്തെ ചരിത്രം
ഏകദേശം മുന്നൂറു വർഷങ്ങൾക്ക് മുൻപ് പനസ്നാല നദിക്കരയിൽ നിന്ന് കണ്ടെത്തിയ ഒരു കറുത്ത ശിലയിൽ നിന്ന് രക്തം പുറത്തേക്ക് വന്നുവെന്നും, ആ രാത്രി ശനീശ്വരൻ ഒരു ഗ്രാമവാസിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് താൻ തന്നെയാണ് ആ ശിലയെന്നും വെളിപ്പെടുത്തിയെന്നാണ് ഐതീഹ്യം. മേൽക്കൂരയോ പൂട്ടുകളോ ഇല്ലാതെ ശില തുറന്ന സ്ഥലത്ത് തന്നെ സൂക്ഷിക്കണമെന്നും താൻ ഗ്രാമത്തെ സംരക്ഷിച്ചോളാമെന്നും അദ്ദേഹം ഉറപ്പ് നൽകിയതായി ജനങ്ങൾ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് ഗ്രാമത്തിൽ വാതിലുകളില്ലാത്ത ഒരു സംസ്കാരത്തിന് അടിത്തറ പാകിയത്.
മാറുന്ന കാലവും പുതിയ വെല്ലുവിളികളും
പരമ്പരാഗത വിശ്വാസങ്ങൾ തലമുറകളായി തുടരുമ്പോഴും ആധുനിക ലോകത്തിന്റെ മാറ്റങ്ങൾ ഈ ഗ്രാമത്തെയും സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ വർധനവും പുറത്തുനിന്നുള്ളവരുടെ സാന്നിധ്യവും ഗ്രാമത്തിൽ ചെറിയതോതിലുള്ള മോഷണങ്ങൾക്ക് കാരണമായിട്ടുണ്ട്. കാലക്രമേണ ഗ്രാമത്തിൽ ഒരു പൊലീസ് സ്റ്റേഷൻ സ്ഥാപിക്കേണ്ടി വന്നുവെങ്കിലും അവിടുത്തെ വാതിലിലും ലോക്കുകൾ ഇട്ടിരുന്നില്ല.
എങ്കിലും, സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ചില യുവതലമുറക്കാരായ കുടുംബങ്ങൾ ഇപ്പോൾ വീടുകളിൽ വാതിലുകളും പൂട്ടുകളും വച്ചുതുടങ്ങിയിട്ടുണ്ട്. സുഖ്ദേവ് ബജിറാവു ഷെട്ടെ എന്ന ഗ്രാമവാസി തന്റെ അമ്മയുടെ ആഭരണങ്ങൾ മോഷണം പോയതിനെ തുടർന്ന് തന്റെ വീട്ടിൽ ഗേറ്റും പൂട്ടും സ്ഥാപിച്ച സംഭവം ഇതിന് ഉദാഹരണമാണ്.
വിശ്വാസവും ആധുനിക ജീവിതവും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ വേറിട്ട മാതൃകയാണ് ഷാനി ശിംഗ്നാപൂർ ഇന്നും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.




