ട്രംപിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിൽ ചുമതലയേറ്റ് പ്രമുഖ കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ

അമേരിക്കയിൽ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഗവൺമെന്റ് ഏജൻസിയായ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിൽ (DHS) പ്രമുഖ കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ജോലിയിൽ പ്രവേശിച്ചു. ദി കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയിലെ (CUA) ദീർഘകാല അധ്യാപകനായ ചാഡ് പെക്‌നോൾഡ് ആണ് പുതുതായി ചുമതലയേറ്റെടുത്തത്.

മുൻപ് ദൈവശാസ്ത്രപരമായ ന്യായീകരണങ്ങളോടെ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെ പരസ്യമായി പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് ചാഡ് പെക്‌നോൾഡ്. ഹോംലാൻഡ് സെക്യൂരിറ്റിയിലെ ‘ഓഫീസ് ഓഫ് പബ്ലിക് എൻഗേജ്‌മെന്റിന്റെ’ പബ്ലിക് ഔട്ട്‌റിച്ച് വിഭാഗം പ്രിൻസിപ്പൽ ഡയറക്ടറായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

കത്തോലിക്കാ വാർത്താമാധ്യമമായ നാഷണൽ കാത്തലിക് രജിസ്റ്ററിനു നൽകിയ പ്രസ്താവനയിൽ പുതിയ പദവി ഏറ്റെടുത്ത കാര്യം പെക്‌നോൾഡ് സ്ഥിരീകരിച്ചു. “ഈ രീതിയിൽ എന്റെ രാജ്യത്തെ സേവിക്കാൻ സാധിക്കുന്നത് വലിയൊരു ബഹുമാനമായി കരുതുന്നു,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിനു ശേഷമാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി രൂപീകരിച്ചത്. ഭീകരാക്രമണങ്ങളിൽ നിന്നും മറ്റ് ഭീഷണികളിൽ നിന്നും അമേരിക്കയെ സംരക്ഷിക്കുക എന്നതാണ് ഈ വകുപ്പിന്റെ പ്രധാന ചുമതല. കൂടാതെ, യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE), യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) എന്നിവ ഉൾപ്പെടുന്ന അമേരിക്കൻ കുടിയേറ്റ നയങ്ങളുടെ നടപ്പാക്കൽ ഏജൻസി കൂടിയാണിത്.

പെക്‌നോൾഡിന്റെ ലിങ്ക്ഡ്ഇൻ (LinkedIn) പ്രൊഫൈൽ വിവരങ്ങളനുസരിച്ച്, കാത്തലിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊതുസേവനത്തിനായി അദ്ദേഹം അവധി എടുത്തിരിക്കുകയാണ്. ‘സാംസ്കാരിക പ്രവർത്തനങ്ങളുമായി’ ബന്ധപ്പെട്ടതാണ് പുതിയ പദവിയെന്നും ഓഗസ്റ്റിലാണ് താൻ ജോലിയിൽ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അമേരിക്കൻ കത്തോലിക്കാ മെത്രാന്മാരും ട്രംപ് ഭരണകൂടവും തമ്മിൽ കുടിയേറ്റ നയങ്ങളെച്ചൊല്ലി വൻ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിയമനം എന്നത് ശ്രദ്ധേയമാണ്.

അനധികൃത കുടിയേറ്റം തടയുക, കൂട്ടത്തോടെ നാടുകടത്തൽ നടപ്പിലാക്കുക, അതിർത്തി സുരക്ഷ ശക്തമാക്കുക, നിയമപരമായ കുടിയേറ്റവും അഭയാർഥി അപേക്ഷകളും കൂടുതൽ കർശനമാക്കുക എന്നിവയ്ക്കാണ് ട്രംപ് ഭരണകൂടം മുൻഗണന നൽകുന്നത്. എന്നാൽ, ഇതിനെതിരെ അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതി (USCCB) ശക്തമായി രംഗത്തെത്തി. മനുഷ്യരെ വിവേചനമില്ലാതെ കൂട്ടത്തോടെ നാടുകടത്തുന്നതിനെ എതിർത്തുകൊണ്ടും കുടിയേറ്റക്കാർക്കും ക്രമസമാധാന പാലകർക്കുമെതിരായ അക്രമങ്ങളും അധിക്ഷേപകരമായ ഭാഷയും അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടും മെത്രാൻ സമിതി സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.