സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പിച്ചിൽ ഒരു ചരിത്രമെഴുത്ത്: കത്തനാർ ക്രിക്കറ്റ് ലീഗ് സീസൺ 1 

സഭകളുടെയും വിശ്വാസങ്ങളുടെയും അതിരുകൾക്കപ്പുറത്ത് സ്നേഹവും സാഹോദര്യവും കൈകോർക്കുന്ന മനോഹരമായ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. വൈദികരുടെ കായികക്ഷമതയും പരസ്പരസ്നേഹവും ലക്ഷ്യമിട്ട് ചങ്ങനാശേരി കത്തനാർ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ കത്തനാർ ക്രിക്കറ്റ് ലീഗ് (KCL Season 1) പുതുപ്പള്ളി ബെയ്ൽസ് അരീന ടർഫിൽ ആവേശകരമായി പര്യവസാനിച്ചിരിക്കുകയാണ്. കേരളത്തിന്റെ കായികഭൂപടത്തിലും സഭാനേതൃത്വത്തിലും ഒരുപോലെ പുതുചരിത്രം കുറിച്ചാണ് ഈ കായികമാമാങ്കം വിജയകരമായി സമാപിച്ചത്.

എക്യുമെനിസത്തിന്റെ പുതിയ വഴിത്താര

ചങ്ങനാശേരിയിലെ യുവ വൈദികരുടെ മനസ്സിൽ, പ്രത്യേകിച്ച് ഫാ. ജോജിൻ ഇലഞ്ഞിക്കലിന്റെ മനസ്സിൽ ഉദിച്ച ഒരു ചെറിയ ആശയമാണ് പിന്നീട് വിവിധ സഭകളെയും രൂപതകളെയും ഒരേ വേദിയിൽ അണിനിരത്തുന്ന വലിയൊരു കൂട്ടായ്മയായി വളർന്നത്. സീറോമലബാർ, സീറോമലങ്കര, ലത്തീൻ, ഓർത്തഡോക്സ്, മാർത്തോമാ എന്നീ അഞ്ച് വിവിധ സഭകളിൽ നിന്നുളള വൈദികരും, വടവാതൂർ സെമിനാരിയിലെ ഡീക്കന്മാരുമടക്കം തിരുവനന്തപുരം മുതൽ തലശേരി വരെയുള്ള വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 കരുത്തുറ്റ ടീമുകളാണ് ഈ പ്രഥമ ടൂർണമെന്റിൽ മാറ്റുരച്ചത്.

വ്യത്യസ്ത സഭാപാരമ്പര്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന അച്ചന്മാർ ബാറ്റും പന്തുമായി കളി ആസ്വദിച്ചപ്പോൾ അത് കേരളക്കരയ്ക്ക് സമ്മാനിച്ചത് വലിയൊരു സന്ദേശമാണ്. സഭകൾ തമ്മിലുള്ള ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ സംഗമവേദിയായി കത്തനാർ ക്രിക്കറ്റ് ലീഗ് മാറി.

ആവേശകരമായ തുടക്കവും ചരിത്രവിജയവും

കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ടൂർണമെന്റ്, രണ്ടു ദിവസങ്ങളിലായാണ് ചിട്ടയോടെ നടത്തിയത്. ചങ്ങനാശേരി എംഎൽഎ വിനു ജോബ്, പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള പ്രമുഖർ വൈദികർക്ക് പിന്തുണയുമായെത്തി.

നീണ്ട ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ ഫൈനൽ മത്സരത്തിൽ ‘ഏകം എറണാകുളം’ ടീം ആദ്യ കത്തനാർ ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. ആവേശകരമായ ഫൈനലിൽ ചങ്ങനാശേരി കത്തനാർ ക്രിക്കറ്റ് ക്ലബ്ബിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഏകം എറണാകുളം ഈ ചരിത്രനേട്ടം കൈവരിച്ചത്. വിജയികൾക്ക് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ട്രോഫി സമ്മാനിച്ചു.

കളിക്കളത്തിനപ്പുറമുള്ള മാതൃക

24 വയസ്സ് മുതൽ 64 വയസ്സ് വരെയുള്ള പ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ച്, യുവത്വത്തിന്റെ ചുറുചുറുപ്പോടെയാണ് വൈദികർ ടർഫിൽ പടനയിച്ചത്. ഉത്തരവാദിത്തങ്ങളുടെ തിരക്കുകൾക്കിടയിലും കായികവിനോദത്തിനും സൗഹൃദക്കൂട്ടായ്മയ്ക്കും സമയം കണ്ടെത്തിയ ഈ വൈദികർ സമൂഹത്തിന് നൽകുന്നത് വലിയൊരു സന്ദേശമാണ്.

മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യരെല്ലാം ഒന്നാണെന്നും, സ്നേഹത്തോടെയും ചിരിയോടെയും ഒരുമിച്ചിരിക്കാൻ കായികരംഗത്തിന് കഴിയുമെന്നും കത്തനാർ ക്രിക്കറ്റ് ലീഗ് തെളിയിച്ചു. ചരിത്രപ്രധാനമായ ഈ ആദ്യ സീസണിന്റെ വിജയത്തിന്റെ തിളക്കത്തിൽ, കൂടുതൽ ടീമുകളുടെ പങ്കാളിത്തത്തോടെയുള്ള അടുത്ത സീസണുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കായികപ്രേമികളും വിശ്വാസികളും. പ്രാർഥനയുടെയും സാഹോദര്യത്തിന്റെയും പച്ചപ്പിൽ അവർ ഇനിയും ഒന്നിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.