
ഈ നൂറ്റാണ്ടിൽ ഇതുവരെ ലാറ്റിനമേരിക്കയിൽ 304 ക്രൈസ്തവ രക്തസാക്ഷികളെ കത്തോലിക്കാ സഭ രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസപ്രഘോഷണത്തിനു വേണ്ടി മാത്രമല്ല, പാവപ്പെട്ടവരുടെ അവകാശങ്ങൾക്കു വേണ്ടിയും സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെയും പ്രകൃതിയെ സംരക്ഷിക്കുന്നതിനും വേണ്ടി നിലകൊണ്ടതിനാണ് ഇവർ കൊല്ലപ്പെട്ടത്. വത്തിക്കാൻ തയ്യാറാക്കുന്ന ആഗോള രക്തസാക്ഷി പട്ടികയുടെ ഭാഗമാണ് ഈ വിവരങ്ങൾ. നിലവിൽ ലോകമെമ്പാടുമായി 1,700 ലധികം രക്തസാക്ഷിത്വ കേസുകൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
“മയക്കുമരുന്ന് കടത്ത്, വനം നശിപ്പിക്കൽ, പ്രകൃതിവിഭവങ്ങളുടെ ചൂഷണം എന്നിവയെ എതിർത്തതിനാണ് പലരും വധിക്കപ്പെട്ടത്,” വിശുദ്ധരുടെ പദവികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ മാർസെല്ലോ സെമെരാരോ വ്യക്തമാക്കി. സുവിശേഷത്തെ സംരക്ഷിക്കുന്നതിനും മയക്കുമരുന്ന് മാഫിയകളെ തുറന്നുകാട്ടുന്നതിനും വനനശീകരണത്തിൽ നിന്ന് ആദിവാസി ഭൂമികൾ സംരക്ഷിക്കുന്നതിനും വേണ്ടി ജീവനർപ്പിച്ച മിഷനറിമാരും അൽമായരും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഇവർ തടസ്സമായി മാറിയതാണ് ജീവൻ നഷ്ടപ്പെടാൻ കാരണമായ പൊതുവായ ഘടകം. ഇവരുടെ സുവിശേഷസാക്ഷ്യം സാമ്പത്തിക താൽപര്യങ്ങളുമായും കുറ്റകൃത്യ ശൃംഖലകളുമായും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു.
’21-ാം നൂറ്റാണ്ട്: രക്തസാക്ഷികളുടെ പുതിയ കാലഘട്ടമോ?’ എന്ന പേരിൽ റോമിൽ നടക്കുന്ന അന്താരാഷ്ട്ര പഠനസമ്മേളനത്തിന്റെ അവതരണ വേളയിലാണ് കർദിനാൾ സെമെരാരോ ഈ കാര്യങ്ങൾ വിശദീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷത്തിനായി ജീവൻ വെടിഞ്ഞ ക്രൈസ്തവരുടെ സാക്ഷ്യത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. ന്യൂ മോട്ടേഴ്സ് – വിറ്റ്നസസ് ഓഫ് ദി ഫെയ്ത്ത് കമ്മീഷൻ സംഘടിപ്പിക്കുന്ന ഈ യോഗം സെപ്റ്റംബർ 15 ന് റോമിലെ പൊന്തിഫിക്കൽ അഥീനിയം അഗസ്റ്റിനിയാനത്തിൽ വച്ച് നടക്കും. സഭയിലെയും അക്കാദമിക് രംഗത്തെയും മാധ്യമമേഖലയിലെയും പ്രമുഖ വ്യക്തികൾ ഇതിൽ പങ്കെടുക്കും.
കിൻഷാസയിലെ ആർച്ച്ബിഷപ്പ് കർദിനാൾ ഫ്രിഡോളിൻ അംബോംഗോ, ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, സാന്റ് എജീഡിയോ കമ്മ്യൂണിറ്റി സ്ഥാപകൻ ആൻഡ്രിയ റിക്യാർഡി എന്നിവർ പ്രമുഖ പങ്കാളികളാണ്. ന്യൂ മോട്ടേഴ്സ് കമ്മീഷൻ പ്രസിഡന്റ് ബിഷപ്പ് ഫേബിയോ ഫബേൻ, മാധ്യമപ്രവർത്തക ലൂസിയ കപ്പൂസി, ചരിത്രകാരൻ റോബർട്ടോ റെഗോളി, ദക്ഷിണ സുഡാനിലെ സന്ന്യാസിനിയായ സിസ്റ്റർ ആലീസ് ഡ്രാജിയ ജൂറുഗോ എന്നിവരും സംസാരിക്കും.
2025 സെപ്റ്റംബർ 14 ന് വി. പൗലോസിന്റെ ബസിലിക്കയിൽ വച്ച് ലെയോ പതിനാലാമൻ മാർപാപ്പയുടെ അധ്യക്ഷതയിൽ നടന്ന രക്തസാക്ഷി അനുസ്മരണ ചടങ്ങിന് ഒരു വർഷത്തിനു ശേഷമാണ് ഈ സമ്മേളനം നടക്കുന്നത്.
വർത്തമാനകാലത്തെ ക്രൈസ്തവപീഡനങ്ങളെക്കുറിച്ചും സാക്ഷ്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും സാക്ഷ്യപത്രങ്ങളും കമ്മീഷൻ തുടർന്നും ശേഖരിച്ചുവരികയാണ്. 2000 ത്തിനും 2025 നുമിടയിൽ ലോകമെമ്പാടുമായി 1,624 രക്തസാക്ഷികൾ ഉണ്ടായതായി കമ്മീഷൻ വ്യക്തമാക്കുന്നു. ഇതിൽ 304 പേർ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 100 മുതൽ 150 വരെ പുതിയ സാക്ഷ്യങ്ങൾ പട്ടികയിൽ കൂട്ടിച്ചേർക്കപ്പെട്ടു. കൈക്കൂലി വാങ്ങാൻ വിസമ്മതിച്ചതിന്റെ പേരിൽ 2007 ൽ കൊല്ലപ്പെടുകയും 2025 ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത കോംഗോയിലെ ഫ്ലോറിബെർട്ട് ബ്വാന ഇതിനൊരു ഉദാഹരണമാണ്.
സഭ യഥാർഥത്തിൽ രക്തസാക്ഷിത്വത്തിന്റെ ഒരു പുതിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചരിത്രകാരനായ ആൻഡ്രിയ റിക്യാർഡി അഭിപ്രായപ്പെട്ടു. രൂപതകൾ, സന്ന്യാസ സമൂഹങ്ങൾ, അൽമായ പ്രസ്ഥാനങ്ങൾ, മെത്രാൻ സമിതികൾ എന്നിവയിൽ നിന്ന് നൂറുകണക്കിന് സാക്ഷ്യങ്ങളാണ് വത്തിക്കാന് ലഭിച്ചുകൊണ്ടിരിക്കുന്നത്.




