ഗ്രൗണ്ട് സീറോ ക്രൂശിതരൂപം: ഇരട്ടഗോപുര അവശിഷ്ടങ്ങൾക്കിടയിൽ തെളിഞ്ഞ പ്രതീക്ഷയുടെ പ്രതീകം

2001 സെപ്റ്റംബർ 11 ന് ന്യൂയോർക്കിലുണ്ടായ ഭീകരാക്രമണത്തിൽ തകർന്നടിയപ്പെട്ട വേൾഡ് ട്രേഡ് സെന്റർ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ട് സ്റ്റീൽ ബീമുകൾ ചേർന്നുണ്ടായ ഗ്രൗണ്ട് സീറോ ക്രൂശിതരൂപം കണ്ടെത്തുന്നത്. ‘വേൾഡ് ട്രേഡ് സെന്റർ ക്രോസ്’ അഥവാ ‘ഗ്രൗണ്ട് സീറോ ക്രോസ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. അഞ്ച് മീറ്റർ ഉയരമുള്ള ഈ കുരിശ് പൂർണ്ണമായും കേടുപാടുകൾ കൂടാതെയാണ് കണ്ടെത്തിയത്. അതിനാൽ തന്നെ ക്രൈസ്തവർ ഇത് കണ്ടെത്തിയ സ്ഥലം ഒരു താൽകാലിക ആരാധനാകേന്ദ്രമാക്കി മാറ്റി.

രക്ഷാപ്രവർത്തനവും ശുചീകരണവും നടന്നിരുന്ന സമയത്ത് എല്ലാ ഞായറാഴ്ചകളിലും ഈ കുരിശിനു ചുറ്റും വിശുദ്ധ കുർബാന നടന്നിരുന്നതായി പ്രമുഖ യാത്രാ മാഗസിനായ അറ്റ്‌ലസ് ഒബ്‌സ്ക്യൂറ വ്യക്തമാക്കുന്നു. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം, 2006 ഒക്ടോബർ അഞ്ചിന് ഇത് വേൾഡ് ട്രേഡ് സെന്ററിന് എതിർവശത്തുള്ള മാൻഹട്ടനിലെ സെന്റ് പീറ്റേഴ്‌സ് പള്ളിയിലേക്കു മാറ്റി. തുടർന്ന് ഈ സ്ഥലം ഒരു പ്രധാന തീർഥാടന-വിനോദസഞ്ചാര കേന്ദ്രമായി മാറി.

സെപ്റ്റംബർ 11 ലെ ആക്രമണത്തിന്റെ ഓർമ്മയ്ക്കായി സ്മാരകവും മ്യൂസിയവും നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ ഈ കുരിശ് അങ്ങോട്ട് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2011 ജൂലൈ 23 ന് നടന്ന ലളിതമായ ചടങ്ങിൽ ഫ്രാൻസിസ്കൻ വൈദികനായ ബ്രയാൻ ജോർദാൻ കുരിശ് ആശീർവദിച്ചു. തുടർന്ന് ഗ്രൗണ്ട് സീറോയിലേക്കു മാറ്റിയ കുരിശ്, നിലവിൽ നാഷണൽ സെപ്റ്റംബർ 11 മെമ്മോറിയൽ & മ്യൂസിയത്തിലെ പ്രദർശനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

അതേസമയം, ഈ സ്മാരകം വലിയ രീതിയിലുള്ള നിയമപോരാട്ടങ്ങൾക്കും വഴിവച്ചു. കുരിശ് പ്രദർശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ‘അമേരിക്കൻ ഏതിസ്റ്റ്സ്’ എന്ന യുക്തിവാദി സംഘടന രംഗത്തെത്തി. മതരഹിതരായ ആളുകളോട് വിവേചനം കാണിക്കുന്ന ഒരു മതചിഹ്നമാണ് ഈ കുരിശെന്നും ഇത് ഭരണകൂടവും സഭയും തമ്മിലുള്ള അനാവശ്യമായ കൂട്ടിയിണക്കലാണെന്നുമായിരുന്നു അവരുടെ വാദം.

എന്നാൽ, ഈ കുരിശ് ഇന്നും നിരവധി ആളുകൾക്ക് ആശ്വാസം നൽകുന്ന ഒരു  ക്രൈസ്തവപ്രതീകമാണെന്ന് ഫാ. ജോർദാൻ വ്യക്തമാക്കി. “പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഇത് ആശ്വാസത്തിന്റെ ഒരു അടയാളമാണ്. പ്രത്യേകിച്ചും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ, അഗ്നിശമന സേനാംഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഇത് വലിയ പ്രതീക്ഷയും പിന്തുണയുമാണ് നൽകിയത്,” അദ്ദേഹം പറഞ്ഞു.

2002 ലെ മാതൃദിനത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം ക്രൈസ്തവരും അല്ലാത്തവരുമായ നിരവധി ആളുകൾ ഈ കുരിശിനു ചുറ്റും തടിച്ചുകൂടിയ കാര്യം അദ്ദേഹം അനുസ്മരിച്ചു. “മക്കളെ നഷ്ടപ്പെട്ട അമ്മമാർ, അഫ്ഗാനിസ്ഥാനിലേക്ക് യുദ്ധത്തിനായി പുറപ്പെടുന്ന മറ്റുള്ളവരെ കെട്ടിപ്പിടിച്ച് കരയുന്നത് അവിടെയുണ്ടായിരുന്നവർ കാണാനിടയായി,” അദ്ദേഹം ഓർത്തെടുത്തു.

2014 ജൂലൈയിൽ, ഈ കുരിശ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ യുഎസ് ഫെഡറൽ കോടതി അനുമതി നൽകി. ഇത് വിവേചനപരമായ ചിഹ്നമല്ലെന്നും മറിച്ച് ‘പ്രതീക്ഷയുടെയും ചരിത്രപ്രാധാന്യമുള്ളതുമായ ഒരു പ്രതീകമാണെന്നും’ കോടതി നിരീക്ഷിച്ചു. “നൂറുകണക്കിന് മറ്റ് വസ്തുക്കൾക്കൊപ്പം ‘ഗ്രൗണ്ട് സീറോ’ കുരിശ് പ്രദർശിപ്പിക്കുന്നത് ചരിത്രപരമായ വസ്തുതകൾ നിലനിർത്താനാണെന്നും അല്ലാതെ ഏതെങ്കിലും മതം പ്രചരിപ്പിക്കാനല്ലെന്നും ഏതൊരു നിഷ്പക്ഷ നിരീക്ഷകനും മനസ്സിലാക്കാം,” മൂന്നംഗ കോടതി ബെഞ്ച് വ്യക്തമാക്കി. ഭരണകൂടവും സഭയും തമ്മിലുള്ള കൂട്ടിയിണക്കലാണിതെന്ന വാദവും കോടതി തള്ളി.

വേൾഡ് ട്രേഡ് സെന്റർ കുരിശിന്റെ സംഭവം പ്രമേയമാക്കി 2006 ൽ പുറത്തിറങ്ങിയ ‘ദി ക്രോസ് ആൻഡ് ദി ടവേഴ്‌സ്’ എന്ന ഡോക്യുമെന്ററി നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.