ഗ്വാഡലൂപ്പെ ബസിലിക്കയ്ക്ക് ‘ജൂബിലി വർഷം’ പ്രഖ്യാപിച്ച് ലെയോ പാപ്പ

മെക്സിക്കോയിലെ പ്രശസ്തമായ ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പെ പുതിയ ബസിലിക്കയുടെ പ്രതിഷ്ഠാകർമ്മത്തിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റിയതിന്റെയും അൻപതാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ‘ജൂബിലി വർഷം’ പ്രഖ്യാപിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ പെനിറ്റൻഷ്യറി അപ്പോസ്തോലിക വിഭാഗം വഴി അനുവദിച്ച ഈ ജൂബിലി വർഷം 2026 ഒക്ടോബർ 12 ന് ആരംഭിച്ച് 2027 ഒക്ടോബർ 12 വരെ നീണ്ടുനിൽക്കും.

മെക്സിക്കോയിലെ ആർച്ച്ബിഷപ്പും കർദിനാളുമായ കാർലോസ് അഗ്യാർ റെറ്റെസ് ആണ് ഈ സന്തോഷവാർത്ത വിശ്വാസികളെ അറിയിച്ചത്. ജൂബിലി വർഷത്തിൽ ഗ്വാഡലൂപ്പെ പുണ്യസങ്കേതത്തിലേക്ക് തീർഥാടനം നടത്തുന്ന വിശ്വാസികൾക്ക് കത്തോലിക്കാ സഭ അനുശാസിക്കുന്ന ലളിതമായ വ്യവസ്ഥകളിലൂടെ പൂർണ്ണ ദണ്ഡവിമോചനം (Plenary Indulgence) ലഭിക്കാനുള്ള അവസരമുണ്ടായിരിക്കും.

1976 ഒക്ടോബർ 12 നാണ് വി. ഹുവാൻ ദിയാഗോയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യാമറിയത്തിന്റെ ചിത്രം പതിഞ്ഞ വിശുദ്ധ വസ്ത്രം (Tilma) പഴയ ബസിലിക്കയിൽ നിന്ന് പുതിയ ബസിലിക്കയിലെ അൾത്താരയിലേക്കു മാറ്റിയത്. ഒക്ടോബർ 12 ന് ഉച്ചയ്ക്ക് 12 മണിക്ക് കർദിനാൾ കാർലോസ് അഗ്യാർ റെറ്റെസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ആഘോഷപൂർവമായ ദിവ്യബലിയോടെ ബസിലിക്കയിലെ ‘വിശുദ്ധ വാതിൽ’ (Puerta Santa) തുറക്കുകയും ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാവുകയും ചെയ്യും.

“ഞാൻ നിങ്ങളുടെ അമ്മയായതുകൊണ്ട് ഇവിടെയില്ലേ?” എന്ന്, മാതാവ് ഹുവാൻ ദിയാഗോയോട് ചോദിച്ച ആശ്വാസവാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട്, ഈ കൃപാവർഷം പ്രാർഥനയിലൂടെയും ആത്മീയ നവീകരണത്തിലൂടെയും ആഘോഷിക്കാൻ സഭാനേതൃത്വം വിശ്വാസികളെ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.