അമിതവേഗത തടയാൻ കമ്പിളിനൂലിൽ ‘വ്യാജ ട്രാഫിക് പൊലീസിനെ’ നെയ്തെടുത്ത് ഗ്രാമീണർ!

തെരുവിലൂടെ അമിതവേഗതയിൽ പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ വേറിട്ട വഴിയുമായി യുകെയിലെ ഗ്രാമവാസികൾ. വാർവിക്‌ഷയറിലെ ഫില്ലോംഗ്ലി ഗ്രാമത്തിലാണ് നാട്ടുകാർ ചേർന്ന് കമ്പിളിനൂലിൽ തുന്നിയ വ്യാജ ട്രാഫിക് പൊലീസുകാരെയും സ്പീഡ് ക്യാമറകളെയും റോഡരികിൽ സ്ഥാപിച്ചിരിക്കുന്നത്.

​ഗ്രാമത്തിലെ ‘നിറ്റ് ആൻഡ് നാറ്റർ’ (Knit and Natter) എന്ന കൂട്ടായ്മയിലെ അംഗങ്ങളാണ്  വ്യത്യസ്തമായ ഈ ആശയത്തിനു പിന്നിൽ. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾ തടയാൻ നാലുമാസത്തെ പരിശ്രമത്തിനൊടുവിലാണ് മനുഷ്യന്റെ അതേ വലുപ്പത്തിലുള്ള പാവകളും സ്പീഡ് ഗണ്ണുകളും ഇവർ കമ്പിളിനൂലിൽ തുന്നിയെടുത്തത്.

​ഹൈ-വിസിബിലിറ്റി ജാക്കറ്റും യൂണിഫോമും ധരിപ്പിച്ച്, മണിക്കൂറിൽ 30 മൈൽ വേഗതാനിർദേശ ബോർഡിനു താഴെ നിർത്തിയിരിക്കുന്ന വ്യാജ ട്രാഫിക് പൊലീസുകാരെ ദൂരെ നിന്ന് കാണുമ്പോൾ യഥാർഥ ട്രാഫിക് പൊലീസാണെന്ന് തെറ്റിധരിച്ച് ഡ്രൈവർമാർ വേഗത കുറയ്ക്കും. ഒക്ടോബർ 13 ന് ഇവ സ്ഥാപിച്ചതു മുതൽ പ്രദേശത്തെ അപകടസാധ്യത വലിയ തോതിൽ കുറഞ്ഞതായി കൗൺസിലർ ഹെതർ ബാധാം പറഞ്ഞു.

​ഗ്രാമത്തിലെ സ്കൂളിനു സമീപമുള്ള പ്രധാന റോഡിൽ കഴിഞ്ഞ നാലു വർഷത്തിനിടെ 11 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പൊലീസിന്റെയും ക്യാമറയുടെയും വ്യാജ സാന്നിധ്യം ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാനും സ്പീഡ് കുറയ്ക്കാനും വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.