
സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് (1936 ൽ) കത്തോലിക്കാ വിശ്വാസത്തോടുള്ള വിദ്വേഷത്താലും വൈദികരായതിനാലും കൊലചെയ്യപ്പെട്ട 20 വൈദികരെ ഒക്ടോബർ 17 ന് സ്പെയിനിലെ ഈബിസയിൽ (Ibiza) നടന്ന ചടങ്ങിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഈ 20 വൈദികരുടെയും ഓർമ്മ ഇനിമുതൽ എല്ലാ വർഷവും നവംബർ ആറിന് അനുസ്മരിക്കും.
“വൈദികർ ആയിരുന്നു എന്നതല്ലാതെ മറ്റ് യാതൊരു കാരണവും ഇവരുടെ വധത്തിന് പിന്നിലുണ്ടായിരുന്നില്ല,” എന്ന് വത്തിക്കാന്റെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ഫാ. ജുവാൻ തോറസ് തോറസ് (Juan Torres Torres) ഈ 20 വൈദികരുടെ നേതൃനിരയിൽ ഉണ്ടായിരുന്ന വ്യക്തി.
വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കർദിനാൾ മാർസെല്ലോ സെമെരാരോയുടെ കാർമ്മികത്വത്തിലാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ദിവ്യബലി ഈബിസ കത്തീഡ്രലിൽ നടന്നത്. ബലേറിക് ദ്വീപുകളിൽ നടക്കുന്ന ആദ്യത്തെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങാണിതെന്ന് പ്രാദേശിക രൂപത അറിയിച്ചു.
1936 ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയിൽ റിപ്പബ്ലിക്കൻ സേനയുടെ ആക്രമണങ്ങൾക്കിടയിലാണ് ഈ വൈദികരെല്ലാം അറസ്റ്റിലായത്. ദൈവാലയങ്ങൾ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കപ്പെടുകയും കൂദാശകളും പ്രാർഥനകളും തടയുകയും ചെയ്യപ്പെട്ട കാലഘട്ടമായിരുന്നു അത്. ഈ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈദികനായിരുന്നു ഫാ. ജുവാൻ തോറസ് തോറസ്. വധശിക്ഷാവിധി കേട്ടപ്പോൾ “ക്രിസ്തുരാജാവ് വാഴട്ടെ!” എന്നാണ് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞത്. വൈദികനായി പട്ടം ലഭിച്ച് രണ്ട് മാസത്തിനുള്ളിൽ – 1936 ഓഗസ്റ്റ് ഏഴിന് – അദ്ദേഹം വധിക്കപ്പെട്ടു.
ഫാ. അന്തോണിയോ തുർ കോസ്റ്റയെ തന്റെ പിതാവിനോടും സഹോദരനോടുമൊപ്പമാണ് പിടികൂടി കൊലപ്പെടുത്തിയത്. വിശ്വാസം ഉപേക്ഷിക്കാനോ, ദൈവനിന്ദ പറയാനോ വിസമ്മതിച്ചതിനെ തുടർന്ന് ക്രൂരമായി മർദിച്ച ശേഷമാണ് 1936 ഓഗസ്റ്റ് ഏഴിന് അദ്ദേഹത്തെ വെടിവച്ചുകൊന്നത്.
ഫാ. അന്തോണിയോ റോയിഗ് ഗ്വാഷ് ഫോർമെന്ററയിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക വികാരിയായിരുന്നു. അദ്ദേഹത്തെ താൽക്കാലിക ജയിലിലടച്ച് ക്രൂരമായി പീഡിപ്പിക്കുകയും തുടർന്ന് വെടിവച്ചു കൊല്ലുകയുമായിരുന്നു.
മറ്റ് വൈദികരെല്ലാം ഈബിസ കോട്ടയിൽ തടവിലാക്കപ്പെടുകയും സെപ്റ്റംബർ 13 ന് ക്രൂരമായി വധിക്കപ്പെടുകയുമായിരുന്നു. 1940 ഒക്ടോബർ 29 ന് ഇവരുടെ ഭൗതികാവശിഷ്ടങ്ങൾ ഈബിസ കത്തീഡ്രലിലേക്ക് മാറ്റിസ്ഥാപിച്ചു.




