
ഫ്രാൻസിൽ ജീവിതച്ചെലവ് വർധിച്ചതിനെതിരെയുണ്ടായ പ്രക്ഷോഭങ്ങൾ ഹിംസാത്മക കലാപങ്ങളായി മാറിയ സാഹചര്യത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. പ്രധാന നഗരങ്ങളിലെല്ലാം വ്യാപകമായ അക്രമങ്ങളും തീവയ്പ്പും റിപ്പോർട്ട് ചെയ്തതോടെ ഫ്രഞ്ച് അധികാരികൾ കർശന നടപടികളിലേക്ക് കടന്നു. സംഭവത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്.
കലാപങ്ങൾ നിയന്ത്രിക്കാൻ ഫ്രഞ്ച് ഭരണകൂടം അടിയന്തരമായി രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കണമെന്നും കുടിയേറ്റ നയങ്ങൾ കർശനമാക്കണമെന്നും ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ‘ഫ്രാൻസ് കത്തുകയാണ്’ എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പ്രതികരിച്ച അദ്ദേഹം, രാജ്യത്ത് തുടരുന്ന സംഘർഷങ്ങൾക്ക് കുടിയേറ്റ പ്രതിസന്ധിയാണ് കാരണമെന്നും ആരോപിച്ചു.
കഴിഞ്ഞ ആഴ്ചകളിൽ പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അധ്യാപകരുടെ അപര്യാപ്തതയും ചൂണ്ടിക്കാണിച്ചുകൊണ്ട് ആരംഭിച്ച പ്രക്ഷോഭം പിന്നീട് ജീവിതച്ചെലവ് വർധിച്ചതിനെതിരെയുള്ള വലിയ പ്രക്ഷോഭമായി മാറുകയായിരുന്നു. എന്നാൽ, പ്രക്ഷോഭം സമാധാനപരമായിരുന്നെങ്കിലും, പിന്നീട് ചില ഗ്രൂപ്പുകൾ അക്രമത്തിലേക്ക് തിരിയുകയായിരുന്നു.
ഫ്രഞ്ച് നഗരമായ ലിമോസിൽ 143 വർഷം പഴക്കമുള്ള സിറ്റി ഹാളിനു നേരെ നടന്ന ആക്രമണത്തിൽ കെട്ടിടത്തിന് തീപിടിക്കുകയും നശിക്കുകയും ചെയ്തു. മാർസെയിലും ലിയോണിലും വ്യാപകമായ അക്രമങ്ങളും നശീകരണ പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടൂറിസ്റ്റ് ഓഫീസുകൾക്കു നേരെയും വ്യാപാരസ്ഥാപനങ്ങൾക്കു നേരെയും അക്രമങ്ങളുണ്ടായി.
അതേസമയം, രാജ്യത്ത് ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ വഴങ്ങില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി വ്യക്തമാക്കി. അക്രമങ്ങൾക്കു പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ചില തീവ്രവാദ ഗ്രൂപ്പുകളും ക്രിമിനലുകളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 1,200-ഓളം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. രാജ്യത്തുടനീളം അഞ്ച് ലക്ഷത്തിലധികം ആളുകൾ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രതിഷേധങ്ങളെ തുടർന്ന് അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേർത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അക്രമങ്ങൾ അഴിച്ചുവിടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുത്തു.




