
വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യൻ ഗ്രാമമായ തെയ്ബെയിൽ (Taybeh) ഒലിവ് വിളവെടുപ്പിൽ കർഷകർക്ക് പിന്തുണയുമായി വിദേശ നയതന്ത്ര ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും എത്തി. കാനഡയുടെയും ഫിൻലൻഡിന്റെയും പാലസ്തീൻ ഭരണകൂടത്തിലെ പ്രതിനിധികളും ഫ്രഞ്ച്, അമേരിക്കൻ ഐക്യദാർഢ്യ പ്രവർത്തകരുമാണ് കർഷകർക്കൊപ്പം ഒലിവ് തോട്ടങ്ങളിലെത്തിയത്.
കുടിയേറ്റക്കാരുടെ അതിക്രമങ്ങളും സുരക്ഷാഭീഷണികളും മൂലം ഒലിവ് തോട്ടങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയാത്ത കർഷകർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. കത്തോലിക്കാ ലത്തീൻ പാത്രിയാർക്കേറ്റുമായി സഹകരിച്ചാണ് നയതന്ത്ര സംഘത്തിന്റെ സന്ദർശനം ഏകോപിപ്പിച്ചത്. അതേസമയം, തെയ്ബെയിലെ ഇടവക വിഹിതവും സംരക്ഷണവും ഉറപ്പാക്കാൻ ചർച്ചകളും ഇടപെടലുകളും നടത്തിവരുന്നതായി ഇടവക വികാരിയായ ഫാ. ബഷർ ഫവാദ്ലെ (Father Bashar Fawadleh) വ്യക്തമാക്കി.
കർഷകർക്ക് സ്വന്തം ഭൂമിയിൽ പ്രവേശിക്കാനും സുരക്ഷിതമായി വിളവെടുപ്പ് നടത്താനും ഇത്തരം ഐക്യദാർഢ്യ യാത്രകൾ ഏറെ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. വിളവെടുപ്പിനിടയിൽ തോട്ടത്തിനു മുകളിലൂടെ കുറഞ്ഞ ഉയരത്തിൽ ഡ്രോണുകൾ പറന്നത് ആശങ്ക പരത്തിയിരുന്നു. സമീപപ്രദേശങ്ങളിൽ കുടിയേറ്റക്കാരുടെ സാന്നിധ്യവും വാഹനങ്ങളും കന്നുകാലികളും ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ വ്യക്തമാക്കി.
റാമല്ലയ്ക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന തെയ്ബെ ഗ്രാമം പൂർണ്ണമായും ക്രിസ്ത്യൻ ജനവാസമേഖലയാണ്. ഇവിടത്തെ പ്രധാന വരുമാനമാർഗമാണ് ഒലിവ് തോട്ടങ്ങൾ. എന്നാൽ, സമീപകാലത്ത് കുടിയേറ്റക്കാരുടെ അതിക്രമങ്ങളും സൈനിക നിയന്ത്രണങ്ങളും മൂലം ഇവിടത്തെ 70 ശതമാനത്തോളം വരുന്ന കാർഷിക ഭൂമിയിലേക്കും കർഷകർക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.




