
മരണത്തിന്റെ വക്കിൽ നിന്ന് അദ്ഭുതകരമായി രക്ഷപെട്ടതിന്റെ ഞെട്ടൽ പത്ത് വർഷങ്ങൾക്കിപ്പുറവും അവശേഷിക്കുന്നുണ്ടെങ്കിലും ദൈവത്തിന്റെ കരുതലിനും സംരക്ഷണത്തിനും ഹൃദയം നിറഞ്ഞ് നന്ദി പറയുകയാണ് ഘാനയിൽ നിന്നുള്ള ഫാ. ഡേവിഡ് ഒബെംഗ് പെയ്ന്റ്സിൽ. അന്ന് താൻ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് തീപിടിച്ച് കത്തിയമർന്നപ്പോൾ, പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യത്താലും ജപമാല പ്രാർഥനയുടെ ശക്തിയാലുമാണ് താൻ ജീവിതത്തിലേക്ക് തിരികെ എത്തിയതെന്ന് ഫാ. ഡേവിഡ് ഒബെംഗ് വെളിപ്പെടുത്തുന്നു.
ഗ്ലോബൽ റോസറി നെറ്റ്വർക്കിന്റെ സ്ഥാപകനാണ് ഫാ. ഡേവിഡ് ഒബെംഗ് പെയ്ന്റ്സിൽ. പത്ത് വർഷങ്ങൾക്കു മുൻപ് ഒരു വൈദികദൗത്യം കഴിഞ്ഞ് മടങ്ങവെ കാറിനുള്ളിൽ കുടുങ്ങിപ്പോയ ആ സംഭവം ഇപ്രകാരമാണ്:
ഘാനയിലെ മറ്റൊരു രൂപതയിലുള്ള വൈദികന്റെ ക്ഷണപ്രകാരം മൂന്ന് ദിവസത്തെ ധ്യാനം നയിച്ച് തിരികെവരികയായിരുന്നു ഫാ. ഡേവിഡ്. മടക്കയാത്ര ആരംഭിക്കുന്നതിനു മുൻപ്, അദ്ദേഹം ജപമാല ചൊല്ലുകയും പരിശുദ്ധ കന്യകാമറിയത്തോട് തന്നോടൊപ്പം യാത്ര ചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്തു. നാല് മണിക്കൂറിലേറെ യാത്ര ചെയ്തതിനു ശേഷം, കാറിൽ നിന്ന് അസാധാരണമായ ഒരു ശബ്ദം കേട്ടു. ലക്ഷ്യസ്ഥാനത്തെത്താൻ ഏകദേശം 15 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം വണ്ടി നിർത്തി പരിശോധിക്കാൻ തീരുമാനിച്ചത്.
“എന്താണ് സംഭവിക്കുന്നതെന്ന് നോക്കാൻ എനിക്ക് വണ്ടി നിർത്തേണ്ടിവന്നു. ഞാൻ കാർ പാർക്ക് ചെയ്ത് എൻജിൻ ഓഫ് ചെയ്ത നിമിഷം തന്നെ കണ്ടത് വലിയൊരു തീഗോളമാണ്. ഉടനെ എന്റെ കാറിന് തീപിടിച്ചു. പെട്ടെന്നു തന്നെ പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും സീറ്റ്ബെൽറ്റ് കുരുങ്ങിക്കിടന്നതിനാൽ അതിന് സാധിച്ചില്ല. വളരെ ഭയാനകമായ ഒരു അവസ്ഥയായിരുന്നു അത്. എന്റെ ജീവിതം അവിടെ അവസാനിച്ചുവെന്ന് ഞാൻ ഉറപ്പിച്ചു,” താൻ നേരിട്ട അവസ്ഥയെ ഫാ. ഡേവിഡ് ഓർത്തെടുത്തു.
തുടർന്ന്, യാത്രയിൽ തന്നോടൊപ്പം ഉണ്ടാകാൻ താൻ പ്രാർഥിച്ചിരുന്ന പരിശുദ്ധ കന്യകാമറിയത്തോട്, തന്നെ സംരക്ഷിക്കണമേ എന്ന് പാസഞ്ചർ സീറ്റിലേക്ക് തിരിഞ്ഞ് അദ്ദേഹം പ്രാർഥിച്ചു. അദ്ഭുതമെന്നോണം പ്രാർഥന പൂർത്തിയാക്കുന്നതിനു മുൻപു തന്നെ കാറിന്റെ വാതിലുകൾ തുറക്കപ്പെടുകയും സീറ്റ് ബെൽറ്റ് അഴിയുകയും ചെയ്തെന്നും, അത് മൂലം തനിക്ക് പുറത്തിറങ്ങാൻ സാധിച്ചെന്നും ഫാ. പെയ്ന്റ്സിൽ പറഞ്ഞു. കാറിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ അത് പൂർണ്ണമായും അഗ്നിക്കിരയായി. തന്റെ ബാഗ് പോലും എടുക്കാനുള്ള സാവകാശം ലഭിച്ചില്ല എന്നും വൈദികൻ കൂട്ടിച്ചേർത്തു.
ഇന്ന് താൻ ജീവനോടെ ആയിരിക്കുന്നത് ദൈവത്തിന്റെ കൃപയാലാണെന്നും ദൈവത്തിന് തന്നിലൂടെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറയുന്നു. ഒപ്പം, തന്നെ രക്ഷിച്ചതിൽ പരിശുദ്ധ അമ്മയോട് ഇപ്പോഴും നന്ദിയുള്ളവന് ഈ വൈദികൻ.
“ജപമാല എന്നത് ദൈവത്തെ കണ്ടുമുട്ടാൻ നമ്മെ സഹായിക്കുന്ന വളരെ അദ്ഭുതകരവും ശക്തവുമായ ഒരു പ്രാർഥനയാണ്,” അദ്ദേഹം പറയുന്നു.




