ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: പത്തൊൻപതാം ദിവസം

ജിൻസി സന്തോഷ്

അന്ന് വൈകുന്നേരം ആ മാളികമുറിയിൽ മകൻ തന്റെ ശിഷ്യരോടൊത്ത് പെസഹാ ഭക്ഷിക്കുമ്പോൾ, അവർക്ക് അത്താഴമൊരുക്കാൻ അമ്മമറിയം ഉണ്ടായിരുന്നുവെന്ന്  വിശ്വസിക്കാം. കാരണം, ക്രിസ്തുവിന്റെ രക്ഷാകരപദ്ധതികളിലെല്ലാം അമ്മമറിയത്തിന് നിർണ്ണായകമായ പങ്ക് ഉണ്ടായിരിക്കണമെന്നത് സ്വർഗീയപിതാവിന്റെ ഇഷ്ടമായിരുന്നു.

ആ രാത്രി അപ്പവും വീഞ്ഞും ആശീർവദിച്ച് മുറിച്ച് തന്റെ ശരീരവും രക്തവുമായി പ്രിയശിഷ്യർക്കു വിളമ്പിയ ശേഷം, യാത്ര ചോദിക്കാനായി ക്രിസ്തു അമ്മയുടെ അരികിലേക്ക്. അടുക്കളയുടെ സ്വകാര്യതയും ജപമണികളിൽ തളരാത്ത കരങ്ങളുടെ സുകൃതവുമായി മറിയം മകനു മുന്നിൽ.

ജിവിതയാത്ര കാൽവരി ലക്ഷ്യമാക്കി തന്നെയായിരുന്നു അവനും. സഹനത്തിന്റെ ചൂളയിൽ യാത്ര കാൽവരിയോളമെത്തുമ്പോൾ അമ്മയുടെ ഓർമ്മകളിൽ മനസ്സിടറി. ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ അമ്മയുടെ സാന്നിധ്യം വേണം. കാലിത്തൊഴുത്തിലും കാൽവരിയിലേക്കുള്ള കദനചൂളയിലും അമ്മമടിത്തട്ട് അവനെ കുളിരണിയിക്കുന്നുണ്ട്.

പെസഹാരാത്രിയിൽ ആ മാളികമുറിയിലെ വിരുന്നുശാലയിലെ വിളക്കുകൾ അണഞ്ഞുതുടങ്ങിയിരുന്നു. കുരിശിന്റെ നിഴൽ വഴിനീളെ വീണുകിടന്ന ആ രാത്രിയിൽ, യേശു തന്റെ അമ്മയുടെ സാനിധ്യത്തിലേക്ക് ഒരിക്കൽ കൂടി നടന്നെത്തി. വാക്കുകൾക്ക് വിടപറയാൻ കഴിയാത്തവിധം ആ അന്തരീക്ഷം ദുഃഖസാന്ദ്രമായിരുന്നു.

അവൻ മറിയത്തിന്റെ മുഖത്തേക്കു നോക്കി. ആ കണ്ണുകളിൽ 33 വർഷത്തെ വാത്സല്യത്തിന്റെ കടൽ ഇരമ്പുന്നുണ്ടായിരുന്നു. അമ്മയുടെ കണ്ണുകളിൽ നിന്ന് ഒരുതുള്ളി കണ്ണീർ അവന്റെ കൈകളിൽ വീണുലിഞ്ഞു. കാനായിലെ കല്യാണവിരുന്നിൽ “അവർക്ക് വീഞ്ഞില്ല” എന്നുപറഞ്ഞ് തന്റെ പരസ്യജീവിതത്തിന് തുടക്കം കുറിച്ച അമ്മയ്ക്ക്, ഇപ്പോൾ തന്റെ മകൻ സ്വന്തം രക്തം ലോകത്തിന് വീഞ്ഞായി നൽകാൻ പോവുകയാണെന്ന് അറിയാമായിരുന്നു. അവൻ മൗനമായി അമ്മയുടെ കൈകൾ ചേർത്തുപിടിച്ചു. അത് കേവലമൊരു യാത്രപറച്ചിലായിരുന്നില്ല, മറിച്ച് ലോകപാപങ്ങൾ ചുമലിലേറ്റാൻ പോകുന്ന മകന് അമ്മ നൽകിയ മൗനാനുവാദമായിരുന്നു.

തീവ്രസ്നേഹത്താടെ അമ്മയുടെ കവിളുകളിലൂടെ വിരൽ തഴുകി മൂകമായി അന്ത്യയാത്ര പറയുമ്പോൾ അവന്റെ കണ്ണുകളിലെ കദനത്തിന്റെ ആഴവും പരപ്പും നെഞ്ചിടിപ്പിന്റെ താളം തെറ്റുന്നതും ഞെട്ടലോടെ തന്നെ ആ സ്നേഹത്തണലിലും അമ്മ മറിയം തിരിച്ചറിഞ്ഞു.

അമ്മയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചുവെന്ന് തിരുവെഴുത്ത്. ചങ്കിലേക്ക് വാൾ  കണക്കെ സഹനം തറഞ്ഞപ്പോഴും (ലൂക്കാ 2:35), നഷ്ടദുഃഖത്തിന്റെ ഭ്രമങ്ങളൊക്കെയും കൊട്ടിഘോഷിക്കാതെ ഉള്ളിലൊതുക്കിയപ്പോഴും (ലുക്കാ 2:49)
നാം അത് കാണുന്നു.

അവളുടെ സ്വകാര്യദുഃഖങ്ങളുടെ സൂക്ഷിപ്പ് കാൽവരിയോളം എത്തിനിൽക്കുന്നു. ജീവിതത്തിൽ വലിയ പ്രതിസന്ധികളും കാൽവരി അനുഭവങ്ങളും കടന്നുവരുമ്പോൾ, മൗനമായ ഈ വിടപറച്ചിൽ നമുക്കൊരു പ്രകാശമാണ്. യേശുവും മറിയവും നമുക്ക് കാണിച്ചുതരുന്നത് പരാതികളില്ലാതെ, ദൈവഹിതത്തിന് പൂർണ്ണമായി കീഴടങ്ങുന്ന ഭാവമാണ്. നമ്മെ സ്നേഹിക്കുന്നവർക്ക് വേദനയുണ്ടാക്കുമെന്നറിഞ്ഞിട്ടും ദൈവവിളിക്ക് അനുസരിച്ച് മുന്നോട്ടു പോകേണ്ടിവരുന്ന നിമിഷങ്ങളിൽ, ഈ അമ്മയുടെയും മകന്റെയും മൗനമായ സംവേദനം നമുക്ക് കരുത്ത് നൽകട്ടെ.

ജീവിതസഹനങ്ങളെയും ദുഃഖങ്ങളെയും പരിഭവമായി പുറത്തുപറഞ്ഞ്
ക്രിസ്തുവിന്റെ പീഡകളിൽ പങ്കുകാരാകാനുള്ള കൃപ നഷ്ടപ്പെടുത്തുന്ന എന്നെയും നിന്നെയും അമ്മമറിയം ഒരു നിഴൽ പോലെ ഇന്നും പിന്തുടരുന്നു. അവൾ സ്വന്തമാക്കിയ കൃപയുടെ ഒരു ഓഹരി പങ്കുവയ്ക്കാൻ.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.