ഉദാരമായ സമർപ്പണവും നിസ്വാർഥമായ സേവനവും കാഴ്ചവച്ച വെനസ്വേലൻ ബിഷപ്പ് ടൂലിയോ റമിറെസ് പാദില്ല അന്തരിച്ചു

വെനസ്വേലയിലെ ഗ്വാരേനാസ് രൂപതാ ബിഷപ്പ് ടൂലിയോ റമിറെസ് പാദില്ല (66) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഓഗസ്റ്റ് 12-നാണ് മരണമടഞ്ഞത്. കത്തോലിക്കാ സഭയുടെ വെനസ്വേലൻ മെത്രാൻ സമിതിയും ഗ്വാരേനാസ് രൂപതയും ഔദ്യോഗികമായി അദ്ദേഹത്തിന്റെ നിര്യാണ വാർത്ത സ്ഥിരീകരിച്ചു.

വെനസ്വേലൻ മെത്രാൻ സമിതി, ബിഷപ്പ് ടൂലിയോ റമിറെസിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. “ദൈവജനത്തിനായുള്ള അദ്ദേഹത്തിന്റെ ഉദാരമായ സമർപ്പണവും സ്വാർഥരഹിതമായ സേവനവും സഭ നന്ദിയോടെ സ്മരിക്കുന്നു. സ്വർഗീയ പിതാവിന്റെ പക്കൽ അദ്ദേഹത്തിന് ശാശ്വതമായ വിശ്രമം ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നു,” വെനസ്വേലൻ മെത്രാൻ സമിതി രേഖപ്പെടുത്തി.

1960 ഫെബ്രുവരി 28-ന് വെനസ്വേലയിലെ കാരക്കാസിലാണ് ബിഷപ്പ് ടൂലിയോ റമിറെസ് ജനിച്ചത്. 1984 ഓഗസ്റ്റ് അഞ്ചിന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ച് സഭാസേവനത്തിലേക്ക് പ്രവേശിച്ചു. 2012 ഓഗസ്റ്റ് എട്ടിന് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കാരക്കാസ് അതിരൂപതയുടെ സഹായമെത്രാനായും ഒലിയാനയുടെ നാമമാത്ര ബിഷപ്പായും നിയമിച്ചു. 2020 ഡിസംബർ 11-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ഗ്വാരേനാസ് രൂപതയുടെ രൂപതാധ്യക്ഷനായി നിയമിച്ചു. 2021 ഫെബ്രുവരിയിലാണ് അദ്ദേഹം രൂപതയുടെ ചുമതലയേറ്റെടുത്തത്.

വെനസ്വേലയിലെ പ്രശസ്തനായ ‘ദരിദ്രരുടെ ഡോക്ടർ’ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസിന്റെ വിശുദ്ധ നാമകരണ നടപടികളിലെ വൈസ് പോസ്റ്റ്‌ലേറ്റർ ആയി ബിഷപ്പ് ടൂലിയോ റമിറെസ് നൽകിയ സംഭാവനകൾ വളരെ നിർണായകമായിരുന്നു. കൂടാതെ വെനസ്വേലൻ മെത്രാൻ സമിതിയുടെ ആശയവിനിമയത്തിനും മാധ്യമങ്ങൾക്കും വേണ്ടിയുള്ള കമ്മീഷന്റെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗ്വാരേനാസ്, ഗുവാട്ടിരെ, ബാർലോവെന്റോ എന്നീ പ്രദേശങ്ങളിലെ വിശ്വാസികൾക്കിടയിൽ എളിമയാർന്ന ഇടയനായും ദൈവജനത്തിന്റെ ആത്മീയ വഴികാട്ടിയായും പ്രവർത്തിച്ച ബിഷപ്പ് ടൂലിയോ റമിറെസിന്റെ വേർപാട് വെനസ്വേലൻ കത്തോലിക്കാ സഭയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.