
ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തിഗത കുറിപ്പുകളും ആത്മീയചിന്തകളുമടങ്ങിയ ഡയറി വത്തിക്കാൻ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നു. ‘ദി പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ (The Private Diary of Pope Francis) എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം 2026 നവംബർ 24 ന് ആഗോളതലത്തിൽ പുറത്തിറങ്ങും.
വത്തിക്കാൻ പ്രസാധക ശാലയായ ‘ലിബ്രേറിയ എഡിട്രിചെ വത്തിക്കാന’യും (Libreria Editrice Vaticana) പെൻഗ്വിൻ റാൻഡം ഹൗസും ചേർന്നാണ് പുസ്തകം പുറത്തിറക്കുന്നത്. അഞ്ച് ഭാഷകളിലായി 94 ലധികം രാജ്യങ്ങളിൽ ഒരേസമയം പുസ്തകം ലഭ്യമാകും. ഫ്രാൻസിസ് മാർപാപ്പയുടെ ആന്തരിക ആത്മീയജീവിതത്തിലേക്കും വ്യക്തിപരമായ പ്രാർഥനകളിലേക്കും വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളിലെ ചിന്തകളിലേക്കും വെളിച്ചം വീശുന്നതാണ് ഈ കുറിപ്പുകൾ.
വിശ്വാസ തിരുസംഘത്തിന്റെ തലവനായ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് നൽകുന്ന വ്യാഖ്യാനങ്ങളോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ പ്രശസ്തമായ ആത്മീയകുറിപ്പുകളായ ‘ജേണൽ ഓഫ് എ സോൾ’ (Journal of a Soul) എന്ന പുസ്തകത്തിന് സമാനമായ ചരിത്രപ്രാധാന്യമുള്ള ഒന്നായാണ് വത്തിക്കാൻ ഈ ഡയറിക്കുറിപ്പുകളെ വിശേഷിപ്പിക്കുന്നത്.
നേരത്തെ തന്റെ ജീവിതകാലത്ത് ‘ഹോപ്പ്’ (Hope) എന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിലൂടെ ഭരണത്തിലിരിക്കെ ആത്മകഥ പുറത്തിറക്കുന്ന ആദ്യ മാർപാപ്പയായി ഫ്രാൻസിസ് മാർപാപ്പ മാറിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വ്യക്തിഗത ആത്മീയചിന്തകളടങ്ങിയ ഡയറിയും ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തുന്നത്.




