ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തി സ്ലൊവേനിയൻ പ്രധാനമന്ത്രി

സ്ലൊവേനിയൻ പ്രധാനമന്ത്രി യാനെസ് യാൻഷയുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ മാർപാപ്പ. ഒക്ടോബർ 5 തിങ്കളാഴ്ച, വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ വച്ചായിരുന്നു ഈ ഔദ്യോഗിക സന്ദർശനം. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്ക് ചുമതലയുള്ള വത്തിക്കാൻ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗറുമായും യാൻഷ ചർച്ച നടത്തി.

ഹൃദ്യമായ അന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നതെന്ന് പരിശുദ്ധ സിംഹാസനം (Holy See) അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ഉഭയകക്ഷി ബന്ധത്തിൽ ഇരുപക്ഷവും സന്തോഷം പ്രകടിപ്പിക്കുകയും പൊതുതാൽപര്യമുള്ള മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള താൽപര്യം അറിയിക്കുകയും ചെയ്തു.

സ്ലൊവേനിയൻ സമൂഹത്തിൽ കത്തോലിക്കാ സഭ നൽകുന്ന സംഭാവനകളും കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. വെസ്റ്റേൺ ബാൽക്കൺ മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും, യൂറോപ്യൻ യൂണിയൻ സംയോജന പ്രക്രിയയിൽ ഈ മേഖലയുടെ ഭാവിസാധ്യതകളും ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി.

യാനെസ് യാൻഷയുടെ റോം സന്ദർശനത്തിന്റെ ഭാഗമായിരുന്നു ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള ഈ കൂടിക്കാഴ്ച. ഉച്ചഭക്ഷണത്തിനു ശേഷം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും അദ്ദേഹം കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അയൽരാജ്യങ്ങളായ ഇറ്റലിയും സ്ലൊവേനിയയും അടുത്ത രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങളാണ് പുലർത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.