
അമേരിക്കൻ വ്യവസായ ലോകത്തെ ഉന്നത സ്ഥാനമാനങ്ങളും കോർപ്പറേറ്റ് പ്രൗഢിയും ഉപേക്ഷിച്ച്, പാവപ്പെട്ടവരുടെ സേവനത്തിനായി ജീവിതം മാറ്റിവച്ച പ്രമുഖ വ്യവസായിയും കത്തോലിക്കാ മിഷനറിയുമായ ജോൺ റിക്ക് മില്ലറുടെ വിശുദ്ധ പദവിയിലേക്ക് ഉള്ള ഔദ്യോഗിക നടപടികൾക്ക് തുടക്കമായി. മയാമി ആർച്ച് ബിഷപ്പ് തോമസ് വെൻസ്കിയാണ്, മില്ലറുടെ നാമകരണ നടപടികൾക്ക് നേതൃത്വം നൽകുന്നത്.
ബിസിനസ് രംഗത്തെ തിളക്കമാർന്ന കരിയർ
1948-ൽ ന്യൂയോർക്കിലാണ് ജോൺ റിക്ക് മില്ലർ ജനിച്ചത്. വിശുദ്ധ മാർഗരറ്റ് ഡിയൂവില്ലെ, വിശുദ്ധ ആന്ദ്രേ ബെസെറ്റ് എന്നീ വിശുദ്ധരുടെ പാരമ്പര്യമുള്ള ഫ്രഞ്ച്-കനേഡിയൻ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. റെസ്റ്റോറന്റ് ആന്റ് ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന് ശേഷം പ്രമുഖ കോർപ്പറേറ്റുകളിൽ പ്രവർത്തിച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ വ്യാവസായിക ലോകത്ത് ശ്രദ്ധേയനായി. ലോകത്തിലെ പ്രമുഖ ഔഷധ നിർമ്മാണ കമ്പനിയായ ആസ്ട്രസെനെക്കയുടെ (AstraZeneca) സി.ഇ.ഒ പദവി ഉൾപ്പെടെയുള്ള ഉന്നത പദവികൾ വഹിച്ച ശേഷമാണ് അദ്ദേഹം മിഷനറി പ്രവർത്തനങ്ങളിലേക്ക് തിരിയുന്നത്.
വിശുദ്ധിയുടെയും മിഷനറി സേവനത്തിന്റെയും ജീവിതം
ബിസിനസ് ലോകത്തെ തിരക്കുകൾക്കിടയിലും ആത്മീയ ജീവിതത്തിന് പ്രാധാന്യം നൽകിയ മില്ലർ, ലോകമെമ്പാടും നിരവധി അപ്പോസ്തലേറ്റ് സംരംഭങ്ങൾക്ക് രൂപം നൽകി. ഈശോയുടെ തിരുഹൃദയത്തിനും മാതാവിന്റെ വിമലഹൃദയത്തിനും സമർപ്പിച്ചുകൊണ്ടുള്ള പ്രാർഥനാ കൂട്ടായ്മയായ ‘ഫോർ ദി ലവ് ഓഫ് ഗോഡ് വേൾഡ് വൈഡ്’, അന്താരാഷ്ട്ര തലത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള അപ്പോസ്തലേറ്റ് ഓഫ് സെന്റ് ജോസഫ് എന്നിവയും കൂടാതെ കൊളംബിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ച് പ്രാർഥനാ കൂട്ടായ്മകളും ആത്മീയ സമർപ്പണ പ്രസ്ഥാനങ്ങളും കെട്ടിപ്പടുത്തു.
2015 മേയ് 30-ന് അന്നനാളത്തിൽ ബാധിച്ച അർബുദത്തെ തുടർന്ന് (esophageal cancer) അദ്ദേഹം അന്തരിച്ചു. ആത്മീയ വിശുദ്ധിയും ആഗോളതലത്തിൽ വിശ്വാസം പ്രചരിപ്പിക്കാനുള്ള തീവ്രമായ ആഗ്രഹവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമുദ്ര. ഫ്ലോറിഡയിലെ ദോറലിലുള്ള ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പ ദൈവാലയത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത്.




