ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഒക്ടോബർ 06

യോം കിപ്പൂർ യുദ്ധം എന്നറിയപ്പെടുന്ന നാലാം അറബ്-ഇസ്രായേലി യുദ്ധം ആരംഭിച്ചത് 1973 ഒക്ടോബർ ആറിനായിരുന്നു. യഹൂദരുടെ വിശുദ്ധദിനമായ യോം കിപ്പൂർ ദിനത്തിൽ ആരംഭിച്ചതിനാലാണ് യുദ്ധത്തിന് ആ പേര് ലഭിച്ചത്. ഈജിപ്തും സിറിയയും ഇരുവശങ്ങളിൽ നിന്ന് ഇസ്രായേലിനെ ആക്രമിക്കുകയായിരുന്നു. അമേരിക്ക ഇസ്രായേൽപക്ഷത്തും സോവിയറ്റ് യൂണിയൻ ഈജിപ്ത്-സിറിയ പക്ഷത്തും ചേർന്നതോടെ യുദ്ധം രൂക്ഷമായി. ഒക്ടോബർ 22 ന് യുണൈറ്റഡ് നേഷൻസിന്റെ സെക്യൂരിറ്റി കൗൺസിൽ 338-ാം റെസലൂഷൻപ്രകാരം അടിയന്തരമായി യുദ്ധം നിർത്താൻ ആവശ്യപ്പെട്ടതനുസരിച്ചും അന്തർദേശീയ സമ്മർദങ്ങളുണ്ടായതിനാലും ഒക്ടോബർ 26 ന് യുദ്ധം അവസാനിച്ചു. നവംബർ 11 ന് ഈജിപ്തുമായും, 1974 മെയ് 31 ന് സിറിയയുമായും ഇസ്രായേൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചു.

മനുഷ്യശക്തിയാൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ മാത്രം സഹായത്തോടെ ഒരാൾ ഭൂമിയെ ആദ്യമായി വലംവച്ചത് 2007 ഒക്ടോബർ ആറിനായിരുന്നു. ഇംഗ്ലീഷുകാരനായ ജാസൺ ലെവിസാണ് ഈ നേട്ടം സ്വന്തമാക്കിയത്. 13 വർഷങ്ങളും രണ്ടു മാസങ്ങളും 23 ദിവസങ്ങളുടമെടുത്തു യാത്ര പൂർത്തിയാക്കാൻ. 1994 ജൂലൈ 12 ന് ലണ്ടനിലെ ഗ്രീൻവിച്ച് മെറിഡിയൻ ലൈനിൽ നിന്ന് ആരംഭിച്ച യാത്ര 37 രാജ്യങ്ങളിലൂടെ 46,000 മൈൽ സഞ്ചരിച്ചാണ് ജാസൺ ലെവിസ് പൂർത്തിയാക്കിയത്. പൂർണ്ണമായും മസിൽപവർ കൊണ്ടു പ്രവർത്തിക്കുന്ന സൈക്കിൾ, പെഡൽ ബോട്ട് എന്നിവയാണ് അദ്ദേഹം തന്റെ യാത്രയ്ക്ക് ഉപയോഗിച്ചത്. യാത്രയുടെ ആരംഭത്തിൽ സ്റ്റീവ് സ്മിത്ത് എന്നൊരു സുഹൃത്തും കൂടെയുണ്ടായിരുന്നെങ്കിലും പാതിവഴിയിൽ സ്മിത്ത് യാത്രയിൽ നിന്ന് പിൻവാങ്ങിയതോടെ ലെവിസ് തനിയെ യാത്ര തുടരുകയായിരുന്നു.

ആദ്യമായി ഒരു മലയാളി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ സീസൺ പുരസ്കാരം സ്വന്തമാക്കിയത് 2021 ഒക്ടോബർ ആറിനായിരുന്നു. പി ആർ ശ്രീജേഷാണ് മികച്ച ഗോൾ കീപ്പറിനുള്ള 2020-21 സീസണിലെ പുരസ്കാരം സ്വന്തമാക്കിയത്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ വെങ്കലത്തിലേക്കു നയിച്ചതിൽ ശ്രീജേഷ് നിർണ്ണായകപങ്ക് വഹിച്ചിരുന്നു. 2014 ലും 2016 ലും മികച്ച ഗോൾകീപ്പർ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചെങ്കിലും 2021 ലാണ് ശ്രീജേഷിനെ തേടി പുരസ്കാരമെത്തിയത്. ബെൽജിയത്തിന്റെ വിൻസെന്റ് വനാഹ്, ഓസ്ട്രേലിയയുടെ ആൻഡ്രൂ ചാർട്ടർ എന്നിവരെ പിന്തള്ളി 58.34 പോയിന്റുകളോടെയാണ് ശ്രീജേഷ് പുരസ്കാരം സ്വന്തമാക്കിയത്. എട്ട് സീസണൽ അവാർഡുകളാണ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകിവരുന്നത്. 2020-21 സീസണിൽ ഈ എട്ട് അവാർഡുകളും സ്വന്തമാക്കിയത് ഇന്ത്യൻ താരങ്ങൾ തന്നെയായിരുന്നു. എല്ലാ പുരസ്കാരങ്ങളും ഒരു രാജ്യം സ്വന്തമാക്കുന്നതും ചരിത്രത്തിൽ ആദ്യമായിരുന്നു.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.