സ്നേഹത്തിന് ഡൗൺ സിൻഡ്രോമില്ല! ലോകത്തിന് മാതൃകയായി 25 വർഷത്തെ അപൂർവ ദാമ്പത്യയാത്ര

സ്നേഹത്തിന് പരിധികളോ പരിമിതികളോ ഇല്ലെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത അപൂർവമായൊരു പ്രണയകഥയുണ്ട്. ക്രിസിന്റെയും പോളിന്റെയും. ഡൗൺ സിൻഡ്രോം എന്ന അവസ്ഥയിലൂടെ കടന്നുപോയ ഈ ദമ്പതികൾ തങ്ങളെപ്പോലെയുള്ളവർക്ക് സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദാമ്പത്യജീവിതം സാധ്യമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചവരാണ്.

​ഒരു ഡാൻസ് പാർട്ടിയിൽ വച്ചാണ് ക്രിസും പോളും ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയിൽത്തന്നെ അവർക്കിടയിൽ പ്രണയം മൊട്ടിട്ടു. “ഞാൻ പോളിന്റെ കണ്ണുകളിലേക്ക് നോക്കി അവിടെ ഞാൻ എന്റെ ഭാവി കണ്ടു,” ക്രിസ് പിന്നീട് ഓർത്തെടുത്തത് ഇങ്ങനെയായിരുന്നു. ആളുകളുടെ സംശയങ്ങളെയും എതിർപ്പുകളെയും അതിജീവിച്ച് ന്യൂയോർക്കിലെ സിറാക്യൂസിൽ അവർ ഒന്നിച്ചു ജീവിക്കാൻ തുടങ്ങി. ഒരുമിച്ച് ഭക്ഷണം പാകം ചെയ്തും, കളിച്ചും, നൃത്തം പഠിച്ചും അവർ തങ്ങളുടെ കൊച്ചുലോകം മനോഹരമാക്കി.

​2018 ഓഗസ്റ്റ് 13 -ന്, ഇരുപത്തഞ്ചാം വിവാഹ വാർഷികത്തിൽ തങ്ങളുടെ വിവാഹപ്രതിജ്ഞകൾ പുതുക്കുമ്പോൾ, ഡൗൺ സിൻഡ്രോമുള്ള ദമ്പതികളിൽ ഏറ്റവും ദീർഘകാലം ദാമ്പത്യം നയിച്ച ചരിത്ര നേട്ടവും അവർ സ്വന്തമാക്കിയിരുന്നു.

​എന്നാൽ സന്തോഷത്തിന്റെ ആ നാളുകൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. വാർഷികം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ, മറവിരോഗത്തെത്തുടർന്നുള്ള സങ്കീർണ്ണതകൾ കാരണം 56-ാം വയസ്സിൽ പോൾ ലോകത്തോട് വിടപറഞ്ഞു. ഓർമ്മകൾ മാഞ്ഞുപോയ ആ അവസാന നാളുകളിൽ പോലും ക്രിസിന്റെ സാന്നിധ്യം പോളിന് വലിയ ആശ്വാസമായിരുന്നു. അവരെ കാണുമ്പോൾ ആ മുഖം വീണ്ടും പുഞ്ചിരിയാൽ പ്രകാശിക്കുമായിരുന്നു. പോളിന്റെ വേർപാടിന് ശേഷം 64 -ാം വയസ്സിൽ ക്രിസും പോളിന്റെ അടുത്തേക്ക് യാത്രയായി.

​ഒരുമിച്ചുള്ള ഓർമ്മകളും അതിരുകളില്ലാത്ത സ്നേഹവും ബാക്കിവച്ചാണ് അവർ മടങ്ങിയത്. തടസ്സങ്ങളെല്ലാം തരണം ചെയ്ത്, സ്നേഹത്തിനും കരുതലിനും എന്ത് അദ്ഭുതങ്ങളും സൃഷ്ടിക്കാനാകുമെന്ന് തെളിയിച്ച ഈ ദമ്പതികളുടെ ജീവിതം എന്നും പ്രചോദനമായി നിലനിൽക്കും.

സീനിയ എൽസ ഇഗ്‌നേഷ്യസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.