​തിരക്കുകൾക്ക് ഇടയിലും ദിവസവും ജപമാല ചൊല്ലാൻ ഏഴ് വഴികൾ

​പലപ്പോഴും ഏറെ ഭക്തിയോടെ ആരംഭിക്കുകയും എന്നാൽ സമയക്കുറവ് മൂലം കുറച്ചു ദിവസങ്ങൾക്കകം മുടങ്ങിപ്പോവുകയും ചെയ്യുന്ന ഒന്നാണ് ദൈനംദിന ജപമാല പ്രാർഥന. ​1883- ൽ ലെയോ പതിമൂന്നാമൻ മാർപാപ്പയാണ് ഒക്ടോബർ മാസം ജപമാല മാസമായി സമർപ്പിച്ചത്. ഒക്ടോബർ ഏഴിനാണ് ജപമാല റാണിയുടെ തിരുനാൾ ആഘോഷിക്കുന്നത്.

​ദിവസവും ജപമാല ചൊല്ലാൻ സഹായിക്കുന്ന ഏഴു മാർഗങ്ങൾ ഏവയെന്ന് പരിശോധിക്കാം.

1.​ സമയവും സ്ഥലവും നിശ്ചയിക്കുക

‘സമയം കിട്ടുമ്പോൾ ചൊല്ലാം’ എന്ന് കരുതിയാൽ അത് നടപ്പിലാകില്ല. പ്രഭാതഭക്ഷണത്തിന് ശേഷമോ, ജോലി കഴിഞ്ഞ് എത്തുമ്പോഴോ, ഉറങ്ങാൻ കിടക്കുന്നതിന് മുൻപോ ആയി ഒരു നിശ്ചിത സമയവും സ്ഥലവും തെരഞ്ഞെടുക്കുക.

2. ​പ്രാർഥന, ദിവസത്തിലുടനീളം വിഭജിക്കുക

20 മിനിറ്റ് തുടർച്ചയായി ലഭിച്ചില്ലെങ്കിൽ ദിവസത്തിന്റെ വിവിധ സമയങ്ങളിലായി (രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം, രാത്രി) ചൊല്ലി തീർക്കുക.

3. ​ഓരോ ദിവസത്തെയും രഹസ്യങ്ങൾ തിരിച്ചറിയുക

പ്രാർഥിക്കുന്നതിന് മുൻപ് ആ ദിവസത്തെ മധ്യസ്ഥ രഹസ്യങ്ങൾ (സന്തോഷ/ദുഃഖ/മഹിമ/പ്രകാശ രഹസ്യങ്ങൾ) മനസ്സിൽ ധ്യാനിക്കുക.

4. ​ഓരോ കൊന്തയും പ്രത്യേക വ്യക്തികൾക്കായി സമർപ്പിക്കുക

പൊതുവായി പ്രാർഥിക്കുന്നതിനേക്കാൾ അമ്മ, സുഹൃത്ത്, രോഗികൾ എന്നിവരെപ്പോലെ ഓരോ വ്യക്തികളെ പ്രത്യേകമായി ഓർത്ത് പ്രാർഥിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും.

5. ​യാത്രാസമയവും കാത്തിരിപ്പുസമയവും പ്രയോജനപ്പെടുത്തുക

ബസിലോ കാറിലോ യാത്ര ചെയ്യുമ്പോഴോ, വരി നിൽക്കുമ്പോഴോ ജപമാല ചൊല്ലാം. ഓഡിയോ ജപമാലകൾ (യൂട്യൂബ് അല്ലെങ്കിൽ പ്രാർഥനാ ആപ്പുകൾ) കേട്ട് പ്രാർഥിക്കുന്നത് ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ സഹായിക്കും.

6. ​മറ്റുള്ളവരോടൊപ്പം പ്രാർഥിക്കുക

കുടുംബമായി പ്രാർഥിക്കുന്നത് ഏറ്റവും മനോഹരമാണ്. കുട്ടികളുണ്ടെങ്കിൽ ഓരോ നന്മനിറഞ്ഞ മറിയമേ പ്രാർഥനയും അവരെക്കൊണ്ട് ചൊല്ലിക്കാം. ഒറ്റയ്ക്കാണ് താമസിക്കുന്നതെങ്കിൽ ഫോൺ വഴി മറ്റൊരാളോടൊപ്പം പ്രാർഥിക്കാം.

7. ​ഒക്ടോബർ ഏഴ്, പ്രത്യേകമായി ആഘോഷിക്കുക

1571 – ലെ ലെപാന്റോ യുദ്ധത്തിലെ വിജയത്തെത്തുടർന്ന് വി. പീയൂസ് അഞ്ചാമൻ മാർപാപ്പ തുടക്കം കുറിച്ചതാണ് ജപമാല റാണിയുടെ തിരുനാൾ. അന്ന് മാതാവിന്റെ രൂപത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ച് കുടുംബത്തോടൊപ്പം ജപമാല ചൊല്ലാം. ​പൂർണ്ണത തികഞ്ഞ നിമിഷത്തിനായി കാത്തിരിക്കേണ്ടതില്ല. 1917-ൽ ഫാത്തിമയിൽ പരിശുദ്ധ അമ്മ ആവശ്യപ്പെട്ടതുപോലെ ദിവസവും ചെറിയ രീതിയിലെങ്കിലും ജപമാല ചൊല്ലിത്തുടങ്ങുക എന്നതാണ് പ്രധാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.