
ശസ്ത്രക്രിയ കഴിഞ്ഞുള്ള പാപ്പയുടെ ആദ്യചിത്രം വത്തിക്കാൻ പുറത്തുവിട്ടു. ആശുപത്രിയിൽ പ്രവേശിച്ചതിനു ശേഷം ആദ്യമായി പാപ്പ വിശുദ്ധ കുർബാന അർപ്പിക്കുന്ന ചിത്രങ്ങൾ ഒക്ടോബർ 16 വെള്ളിയാഴ്ച വത്തിക്കാൻ മീഡിയ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ശ്വാസകോശത്തിലെ ട്യൂമർ നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായി പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ പ്രവേശിച്ചതിനു ശേഷം വത്തിക്കാൻ പുറത്തുവിട്ട ആദ്യത്തെ രണ്ട് ചിത്രങ്ങളിൽ, വർഷത്തിലെ ഈ പ്രത്യേക ആരാധനാക്രമ സമയത്ത് ധരിക്കുന്ന പച്ചനിറത്തിലുള്ള തിരുവസ്ത്രങ്ങളണിഞ്ഞ് പരിശുദ്ധ പിതാവ് വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ് വെളിപ്പെടുന്നത്. ചിത്രങ്ങളിലൊന്ന് കൈകൾ കൂപ്പി പ്രാർഥനാനിരതനായി നിൽക്കുന്നതിന്റെയും മറ്റൊന്ന് പാപ്പ വിശുദ്ധ കുർബാന അർപ്പിക്കുന്നതിന്റെയും ആയിരുന്നു. ദിവ്യബലി മധ്യേ മാർപാപ്പ ദിവ്യകാരുണ്യം നൽകിയതായും വത്തിക്കാൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മുൻ ദിവസങ്ങളിൽ, മാർപാപ്പ തന്റെ സഹപ്രവർത്തകർക്കൊപ്പം വിശുദ്ധ കുർബാനയിൽ പങ്കുചേരുക (സഹകാർമ്മികനാവുക) മാത്രമാണ് ചെയ്തിരുന്നതെന്ന് വത്തിക്കാൻ വ്യക്തമാക്കിയിരുന്നു.
വിശുദ്ധ കുർബാനയിൽ ഡ്യൂട്ടിയിലില്ലാത്ത മെഡിക്കൽ, നഴ്സിംഗ് ജീവനക്കാരെയും സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ലെയോ പതിനാലാമൻ മാർപാപ്പ ക്ഷണിച്ചിരുന്നു. “തന്റെ സന്ദേശത്തിൽ, രോഗികളെയും അവരുടെ ദീനാവസ്ഥകളെയും പരിചരിക്കുന്നതിൽ പ്രതിദിനം നൽകുന്ന സേവനങ്ങൾക്ക് ഡോക്ടർമാർ, നഴ്സുമാർ, മറ്റ് അസിസ്റ്റന്റുമാർ എന്നിവരടങ്ങുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും, പ്രത്യേകമായി തനിക്കു വേണ്ടി അവർ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ എല്ലാ കാര്യങ്ങൾക്കും മാർപാപ്പ നന്ദി അറിയിച്ചു,” ചിത്രങ്ങൾക്കൊപ്പം പ്രസ്സ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഈ വെള്ളിയാഴ്ച പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ടിൽ, മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു.




