
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ലെയോ പതിനാലാമൻ മാർപാപ്പ ഫോണിൽ ചർച്ച നടത്തി. ഒക്ടോബർ 16-നായിരുന്നു ഈ ടെലിഫോൺ സംഭാഷണം നടന്നത്. സംഭാഷണത്തിനിടെ റഷ്യൻ അധിനിവേശത്തിലുള്ള ഉക്രൈനിലെ ഖെർസൺ മേഖലയിലുള്ള ഒലെഷ്കി നഗരത്തിലെ ഗുരുതരമായ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് മാർപാപ്പ കടുത്ത ആശങ്ക രേഖപ്പെടുത്തി.
തുടർച്ചയായ ആക്രമണങ്ങൾ കാരണം പ്രേതനഗരങ്ങളായി മാറിയ ഇവിടെ ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് നിലവിലുള്ളത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് അവിടെ 1,700 ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിനും ജനങ്ങളുടെ സുരക്ഷിതമായ ഒഴിപ്പിക്കലിനും സഹായിക്കുന്ന ഒരു വെടിനിർത്തൽ മാർപാപ്പ ആവശ്യപ്പെടുകയും, സംഭാഷണത്തിനും സമാധാനത്തിനുമുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.
ഒക്ടോബർ 13-ന് ശ്വാസകോശ കാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനുശേഷം, ഒരു രാഷ്ട്രത്തലവനുമായി മാർപാപ്പ നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള സംഭാഷണമാണിത്. “ഇന്ന്, ലെയോ പതിനാലാമൻ പാപ്പ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു”- ഈ സംഭാഷണത്തെ കുറിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇരു നേതാക്കളും നടത്തിയ സംഭാഷണത്തെ കുറിച്ച് ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവന കൂടുതൽ വിശദാംശങ്ങൾ നൽകുന്നതായിരുന്നു. സമീപകാല ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് ശേഷം മാർപാപ്പയുടെ ആരോഗ്യത്തിനും വേഗത്തിലുള്ള രോഗമുക്തിക്കും പുടിൻ ആത്മാർത്ഥമായ ആശംസകൾ നേർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവരെയും ക്രിസ്തീയ വിശുദ്ധ സ്ഥലങ്ങളെയും സംരക്ഷിക്കുന്നതിലും പങ്കിട്ട ആത്മീയ, ധാർമ്മിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും റഷ്യ-വത്തിക്കാൻ സഹകരണത്തിന്റെ പ്രാധാന്യം പുടിൻ ഊന്നിപ്പറഞ്ഞതായി പ്രസ്താവനയിൽ പറയുന്നു.
റഷ്യൻ ഓർത്തഡോക്സ് സഭയും റോമൻ കത്തോലിക്കാ സഭയും തമ്മിലുള്ള സംഭാഷണം തുടരുന്നതിൽ ഇരുപക്ഷവും താൽപ്പര്യം പ്രകടിപ്പിച്ചു. ഉക്രൈൻ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ, സംഘർഷം പരിഹരിക്കാൻ സഹായിക്കാനുള്ള മാർപാപ്പയുടെ സന്നദ്ധതയ്ക്കും അദ്ദേഹത്തിന്റെ തുടർച്ചയായ മാനുഷിക പ്രവർത്തനങ്ങൾക്കും വ്ലാഡിമിർ പുടിൻ നന്ദി പറഞ്ഞു.




