
അഞ്ച് വർഷത്തിനു ശേഷം ലോകമെമ്പാടുമുള്ള കത്തോലിക്കാ വൈദികരുടെ എണ്ണത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. നൂറാമത് ലോക മിഷൻ ഞായറിനോടനുബന്ധിച്ച് വത്തിക്കാൻ വാർത്താ ഏജൻസിയായ ‘ഫിദെസ്’ (Fides) പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
ഫിദെസിന്റെ റിപ്പോർട്ട് അനുസരിച്ച്, ആകെ വൈദികരുടെ എണ്ണം 4,06,996 ൽ നിന്ന് 4,07,421 ആയി ഉയർന്നു. ഇത് തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് 425 പേരുടെ വർധനവാണ് കാണിക്കുന്നത്. അതേസമയം, സഭയുടെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്കിൽ നിന്നുള്ള ഈ വിവരങ്ങൾ 2024 ഡിസംബർ 31 വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വത്തിക്കാൻ വാർത്താ ഏജൻസി വ്യക്തമാക്കി.
ആഫ്രിക്കയിലാണ് ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. പുതിയതായി 1,676 വൈദികർ ആഫ്രിക്കയിൽ ഉണ്ടായിട്ടുണ്ട്. തൊട്ടുപിന്നിൽ ഏഷ്യയിൽ 1,065 പേരുടെ വർധനവുണ്ടായി. അമേരിക്കയും മുൻവർഷത്തെ പ്രതികൂല പ്രവണത മാറ്റിയെഴുതി. ഇവിടെ 199 പുതിയ വൈദികർ കൂടി ഉണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തി. നേരെ മറിച്ച്, യൂറോപ്പിൽ ഒരു വർഷത്തിനുള്ളിൽ 2,483 വൈദികരെ നഷ്ടപ്പെട്ടു, അതേസമയം, ഓഷ്യാനിയയിൽ 32 പേരുടെ കുറവ് രേഖപ്പെടുത്തി.
രൂപതാ വൈദികരുടെ എണ്ണത്തിലുണ്ടായ വർധനവാണ് മൊത്തത്തിലുള്ള ഈ വർധനവിനു കാരണം. ഇവരുടെ എണ്ണം 2,79,238 ആയി ഉയർന്നു, ഇതിൽ മുൻ വർഷത്തേതിനേക്കാൾ 496 പേർ കൂടുതലാണ്. അതേസമയം, സന്ന്യാസ വൈദികരുടെ എണ്ണം 71 കുറഞ്ഞ് 1,28,183 ആയി. വൈദികരുടെ എണ്ണം വർധിച്ചതിനൊപ്പം തന്നെ ഒരു വൈദികന് ആനുപാതികമായ കത്തോലിക്കാ വിശ്വാസികളുടെ എണ്ണവും വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. മുൻവർഷത്തേക്കാൾ 38 പേർ കൂടി വർധിച്ച്, ഇപ്പോൾ ഒരു വൈദികന് 3,491 വിശ്വാസികൾ എന്ന നിലയിലാണുള്ളത്. ഒരു വൈദികനു കീഴിലുള്ള ശരാശരി ജനസംഖ്യയും 16,104 ആയി വർധിച്ചു.
2024 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം, ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 1,42,21,44,000 (142.2 കോടി) എത്തിയതായി ഫിദെസിന്റെ സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 1.66 കോടിയിലധികം (16.69 ദശലക്ഷം) വർധനവാണ് കാണിക്കുന്നത്. ഈ കണക്കുകൾ അനുസരിച്ച്, ലോക ജനസംഖ്യയുടെ 17.8% കത്തോലിക്കരാണ്.




