
യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ജനപ്രിയ പരമ്പരയായ ‘ദി ചോസൻ’ (The Chosen) ആറാം സീസണിന്റെ ഔദ്യോഗിക ട്രെയിലർ റിലീസ് ചെയ്തു. യേശുവിന്റെ കുരിശുമരണത്തിലേക്ക് നയിക്കുന്ന പെസഹാ വെള്ളിയാഴ്ചയ്ക്ക് തൊട്ടുമുമ്പുള്ള നിർണ്ണായകമായ 24 മണിക്കൂറുകളാണ് പുതിയ സീസണിന്റെ പ്രധാന പ്രമേയം. ഒക്ടോബർ 15-നാണ് നിർമ്മാതാക്കൾ ട്രെയിലർ പുറത്തുവിട്ടത്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ യൂട്യൂബിൽ പത്ത് ലക്ഷത്തിലധികം പേരാണ് ട്രെയിലർ കണ്ടത്.
“ഈ സീസൺ ചിത്രീകരിക്കുക എന്നത് മാനസികമായി വളരെ വേദനാജനകമായിരുന്നു, ആലോചിക്കുമ്പോഴും അതുപോലെതന്നെയാണ്. യേശു ഈ പാത സ്വയം തിരഞ്ഞെടുത്തതാണ്. തനിക്ക് അതിൽ നിന്ന് രക്ഷപ്പെടാമായിരുന്നു എന്ന് അവൻ അപ്പസ്തോലന്മാരോട് പറയുന്നുണ്ട്. എങ്കിലും അവൻ കീഴടങ്ങലും വിനയവും യാഗവുമാണ് തിരഞ്ഞെടുത്തത്” സീരീസിന്റെ സംവിധായകനും സ്രഷ്ടാവുമായ ഡല്ലാസ് ജെൻകിൻസ് (Dallas Jenkins) തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.
“ഇത് എന്റെ മാനസികവും വൈകാരികവുമായ അവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നെ കൂടുതൽ വിനീതനാക്കി,”- പരമ്പരയിൽ ഈശോയായി അഭിനയിച്ച ജോനാഥൻ റൂമി വെളിപ്പെടുത്തുന്നു. യേശുവിന്റെ പീഡാനുഭവങ്ങളെയും കുരിശാരോഹണത്തെയും കുറിച്ച് എല്ലാവർക്കും അടിസ്ഥാനപരമായ അറിവുകളുണ്ടെങ്കിലും, ആ 24 മണിക്കൂറിനുള്ളിലെ അസാധാരണ സംഭവങ്ങളുടെ ‘കാരണം’ എന്താണെന്ന് വ്യക്തമാക്കുകയാണ് ഈ സീസണിലൂടെ ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. യേശുവിന്റെ അടുത്ത അനുയായികളുടെയും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കൂട്ടുനിന്നവരുടെയും വീക്ഷണകോണിൽ നിന്നാണ് പുതിയ എപ്പിസോഡുകൾ കഥ പറയുന്നത്.




