നൈജീരിയയിൽ നിന്നും വൈദികനെ തട്ടിക്കൊണ്ടു പോയി; പ്രാർഥന അഭ്യർഥിച്ച് ഒട്ടുക്പോ രൂപത

നൈജീരിയയിലെ ഒട്ടുക്പോ രൂപതയിൽ നിന്നും ഫാ. ജോൺ ഇനാലെഗ്വു ഒടാച്ചെ എന്ന വൈദികനെ തട്ടിക്കൊണ്ടു പോയതായി രൂപതാ അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ സുരക്ഷിതമായ മോചനത്തിനായി ഏവരുടെയും പ്രാർഥനയും രൂപത അഭ്യർഥിച്ചു.

ഒക്ടോബർ 16 ന് പുറത്തിറക്കിയ പ്രസ്താവനയിൽ, സെന്റ് മാർഗരറ്റ്സ് അജെഗ്ബെ-അവും ഇടവകയിലെ വികാരിയായ ഫാ. ജോണിനെ ഒക്ടോബർ 13 ചൊവ്വാഴ്ചയാണ് തട്ടിക്കൊണ്ടു പോയതെന്ന് നൈജീരിയൻ എപ്പിസ്കോപ്പൽ സീയുടെ ചാൻസലർ വ്യക്തമാക്കി. “ഞങ്ങളുടെ ഒരു വൈദികനായ ഫാ. ജോൺ ഇനാലെഗ്വു ഒടാച്ചെ തട്ടിക്കൊണ്ടു പോകപ്പെട്ട വിവരം നിങ്ങളെ അറിയിക്കുന്നത് അങ്ങേയറ്റം ദുഃഖത്തോടെയാണ്.” രൂപതാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ഫാ. ജോസഫ് അബോയി ഇറ്റോഡോ പറഞ്ഞു.

ചാൻസലർ നൽകുന്ന വിവരമനുസരിച്ച്, ഒട്ടുക്പോയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫാ. ജോണിനെ ബെനു സംസ്ഥാനത്തെ ഒഹിമിനി ലോക്കൽ ഗവൺമെന്റ് ഏരിയയിലെ (എൽ.ജി.എ) ഒന്റോബി അമേജോ-അജെഗ്ബെ റോഡിൽ വച്ച് അക്രമി സംഘം തടയുകയായിരുന്നു. വിവേചനരഹിതമായ ആക്രമണങ്ങളും മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകലും ചില ഇടങ്ങളിൽ കൊലപാതകങ്ങളും നടത്തുന്ന ക്രിമിനൽ സംഘങ്ങളുടെ അതിക്രമങ്ങളെയാണ് നൈജീരിയ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.