

യേശുവിന്റെ പ്രബോധനങ്ങളിലും അദ്ഭുതപ്രവർത്തികളിലും വിസ്മയം പൂണ്ട ജനത്തിന്റെ മധ്യേ നിന്ന് പെണ്ണൊരുവൾ പ്രവചിച്ചു: “നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ” (ലൂക്കാ 11: 27-28). “കണ്ടാലും, ഇപ്പോൾ മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും,” എന്ന തന്നെക്കുറിച്ചുള്ള മറിയത്തിന്റെ പ്രവചനം അവളുടെ കാലത്തു തന്നെ നിറവേറി.
മനുഷ്യന്റെ മുന്നിൽ കുനിയാതെ ദൈവതിരുമുൻപിൽ തലചായ്ച്ച പുണ്യവതി. അവൾ ദൈവത്തെ ജീവനുതുല്യം സ്നേഹിക്കുകയും ദൈവത്തിനു വേണ്ടി വചനം അനുസരിച്ച് നിലകൊള്ളുകയും ചെയ്തുവെന്ന ഒറ്റക്കാരണത്താലാണ്
അവൾ ഭാഗ്യവതിയായത്.
മഹാപരിശുദ്ധനായ ദൈവത്തെ കേവലം ഒരു മനുഷ്യസ്ത്രീ ഒൻപതു മാസം ഉദരത്തിൽ വഹിക്കുകയുംപാലൂട്ടി വളർത്തുകയും ചെയ്യുക എന്നത് മഹാദ്ഭുതം തന്നെ! ഒൻപതു മാസം മറിയത്തിന്റെ ഉദരത്തിൽ ശാരീരികമായി രൂപപ്പെടാനും 30 വർഷം മറിയത്തോടൊപ്പം ആത്മീയമായി രൂപപ്പെടാനും ദൈവപുത്രനായ ക്രിസ്തു തന്നെ തയ്യാറായെങ്കിൽ, ക്രിസ്തു നമ്മിൽ രൂപപ്പെടേണ്ടത് എങ്ങനെയെന്നു പഠിക്കാൻ മറിയത്തിനടുത്തേക്കു നാം പോകണം. കാരണം, ക്രിസ്തുവിനെ വളർത്തിയവൾക്കു മാത്രമേ ക്രിസ്ത്യാനിയെ വളർത്താൻ സാധിക്കൂ.
പരിശുദ്ധ കന്യകാമറിയത്തെ ചേർത്തുപിടിക്കാത്ത ക്രിസ്ത്യാനി പടക്കളത്തിൽ ആയുധമില്ലാത്ത പോരാളിക്കു തുല്യമാണ്. മറിയം മനുഷ്യരുടെ പ്രീതി സമ്പാദിക്കാനുള്ള തത്രപ്പാടിൽ ഒരിക്കലും മുഴുകിയിരുന്നില്ല. അങ്ങനെയൊരു വിചാരം അവളിൽ ഉണ്ടായിരുന്നെങ്കിൽ ആ ദിവ്യഗർഭത്തിന് അവൾ സമ്മതം മൂളുമായിരുന്നില്ല. അംഗീകാരത്തിനും പ്രശസ്തിക്കും വേണ്ടി പരസ്യങ്ങളുടെ വിവിധ ഭാവമുഖങ്ങൾ പരതുന്ന ഇക്കാലഘട്ടത്തിന് മറിയം ഒരു വെല്ലുവിളി തന്നെയാണ്.
ചെവിയിലൂടെ വന്ന് മനസ്സിൽ തങ്ങിനിൽക്കുന്ന ശബ്ദമല്ല വചനം. അത് ഹൃദയത്തിൽ വേരൂന്നി, പ്രവർത്തികളിലൂടെ തളിർക്കേണ്ട വിത്താണ്. “ആത്മപ്രശംസ ചെയ്യരുത്. മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ. അന്യന്റെ നാവാണ്, നിന്റെ നാവല്ല അത് ചെയ്യണ്ടത്” (സുഭാ. 27:2).
ജിൻസി സന്തോഷ്




