ഓസ്കാർ പരിഗണനയ്ക്കായി ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രം നോമിനേറ്റ് ചെയ്ത് വത്തിക്കാൻ

അക്കാദമി അവാർഡുകളുടെ 97 വർഷത്തെ ചരിത്രത്തിലാദ്യമായി, വത്തിക്കാൻ ഒരു ചിത്രം ഓസ്കാർ പരിഗണനയ്ക്കായി സമർപ്പിക്കാനൊരുങ്ങുന്നു. ഡുഷെൻ മസ്കുലർ ഡിസ്ട്രോഫി (Duchenne Muscular Dystrophy) എന്ന രോഗബാധിതനായ ജാക്കോമോ മാറ്റീവി എന്ന യുവ ഇറ്റാലിയൻ സ്വദേശിയെ ആസ്പദമാക്കി വത്തിക്കാൻ നിർമ്മിച്ച ‘ഗ്രീൻ ലാവ’ (Green Lava) എന്ന പ്രചോദനാത്മക ഹ്രസ്വ ഡോക്യുമെന്ററിയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.

തിയേറ്റർ പ്രദർശനത്തിന് ശേഷം, ഓസ്കാർ പരിഗണനയ്ക്കായി ചിത്രം സമർപ്പിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ അണിയറപ്രവർത്തകർ പൂർത്തിയാക്കുമെന്ന് ചിത്രത്തിന്റെ പബ്ലിസിസ്റ്റ് അറിയിച്ചു. വത്തിക്കാൻ നിർമ്മിച്ച ഒരു ചിത്രം അക്കാദമി അവാർഡ് മത്സരത്തിലേക്ക് കടന്നുവരുന്നത് ഇതാദ്യമാണ്. എങ്കിലും, ഈ ചിത്രം ഓസ്കാർ പോരാട്ടത്തിൽ വത്തിക്കാനെ ഔദ്യോഗികമായി പ്രതിനിധീകരിക്കില്ല. അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ നിന്ന് വ്യത്യസ്തമായി, ഹ്രസ്വചിത്രങ്ങൾക്ക് ഏതെങ്കിലും ദേശീയ സർക്കാരിന്റെയോ രാജ്യത്തിന്റെ പ്രത്യേക കമ്മിറ്റിയുടെയോ ഔദ്യോഗിക സമർപ്പണമോ അംഗീകാരമോ ആവശ്യമില്ല.

ലിയ ബെൽത്രാമി, അലി അക്സു എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘ഗ്രീൻ ലാവ’, “തന്റെ സഹോദരൻ മാറ്റിയ ഡുഷെൻ രോഗത്തിന് കീഴടങ്ങി വിടപറഞ്ഞതിന് ശേഷം ജീവിതത്തെ അഭിമുഖീകരിക്കുന്ന ജാക്കോമോയെയാണ് പിന്തുടരുന്നത്. സാമൂഹിക പ്രതീക്ഷകളെയും സ്വന്തം ശാരീരിക പരിമിതികളെയും വെല്ലുവിളിച്ചുകൊണ്ട്, തനിക്ക് ചുറ്റുമുള്ള സമൂഹത്തിൽ നിന്നും പ്രകൃതിയിൽ നിന്നും ജാക്കോമോ കരുത്ത് കണ്ടെത്തുന്നു.” എന്ന് ചിത്രത്തിന്റെ ലഘുവിവരണം വ്യക്തമാക്കുന്നു.

ഡോളോമൈറ്റ്സ് പർവതനിരകളുടെ മനോഹരമായ പശ്ചാത്തലത്തിൽ ചിത്രീകരിച്ച 39 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം, പ്രതിസന്ധികളിൽ സ്വയംപര്യാപ്തത, മനുഷ്യന്റെ ആത്മവീര്യം, സമൂഹത്തിന്റെ പരസ്പര പിന്തുണ എന്നിവയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ സന്ദേശമാണ് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.