
സ്പെയിനിൽ മതസ്വാതന്ത്ര്യത്തിന് നേർക്കുള്ള ആക്രമണങ്ങൾ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതായി റിപ്പോർട്ട്. ‘ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് കോൺഷ്യൻസ്’ (OLRC) പുറത്തുവിട്ട ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള തീവ്ര മതേതരത്വ നിലപാടുകളും ഇത്തരം സംഭവങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2012-ൽ ഡാറ്റ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. മുൻവർഷത്തേക്കാൾ 26 ശതമാനം വർധനവോടെ ആകെ 306 ആക്രമണങ്ങളാണ് രേഖപ്പെടുത്തിയത്. മൊത്തം ആക്രമണങ്ങളിൽ 212 എണ്ണവും (ഏകദേശം 70%) ക്രിസ്ത്യാനികൾക്ക് നേരെയായിരുന്നു. ഇതിൽ 173 സംഭവങ്ങളും കത്തോലിക്കാ വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു നടന്നത് എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
യഹൂദ സമൂഹത്തിന് നേർക്കുള്ള ആക്രമണങ്ങളിൽ 13 മടങ്ങ് വർധനവുണ്ടായി (ആകെ 40 സംഭവങ്ങൾ). ആരാധനാലയങ്ങൾക്കും മതപരമായ ചിഹ്നങ്ങൾക്കും നേരെ 73 ആക്രമണങ്ങൾ (59% വർധനവ്) റിപ്പോർട്ട് ചെയ്തു. കൂടാതെ വിശ്വാസത്തിന്റെ പേരിൽ ആളുകൾക്ക് നേരെ 6 ശാരീരിക ആക്രമണങ്ങൾ നടന്നു എന്നും റിപ്പോർട്ട് ഉണ്ട്.
സമുദായങ്ങൾക്കിടയിൽ മതേതരത്വം അടിച്ചേൽപ്പിക്കാൻ സർക്കാർ തലത്തിൽ നടക്കുന്ന ശ്രമങ്ങളും (105 സംഭവങ്ങൾ) മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും മതസ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഒഎൽആർസി പ്രസിഡന്റ് മരിയ ഗാർസിയ പറഞ്ഞു. സഭയെയും മതവിശ്വാസങ്ങളെയും അപമാനിക്കുന്ന സംഭവങ്ങളിൽ കർശന നടപടിയെടുക്കണമെന്നും ക്രിമിനൽ കോഡിൽ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനെതിരെയുള്ള വകുപ്പുകൾ നിലനിർത്തണമെന്നും കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.




