തുടർച്ചയായ മൂന്നാം വർഷവും അയർലൻഡിൽ ദൈവവിളിയിൽ മുന്നേറ്റം: സെമിനാരികളിൽ പ്രവേശനം നേടി കൂടുതൽ യുവാക്കൾ

കത്തോലിക്കാ സഭയിൽ ദൈവവിളിയിൽ പ്രത്യാശ നൽകുന്ന മാറ്റങ്ങളുമായി അയർലൻഡ്. തുടർച്ചയായ മൂന്നാം വർഷവും രാജ്യത്തെ കത്തോലിക്കാ സെമിനാരികളിൽ വൈദിക പഠനത്തിനായി ചേരുന്ന യുവാക്കളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തി. 2026–2027 അക്കാദമിക് വർഷത്തിൽ 15 പുതിയ വിദ്യാർഥികളാണ് പ്രാരംഭ ഘട്ട പരിശീലനത്തിലേക്ക് പ്രവേശനം നേടിയത്.

പുതിയ പ്രവേശനത്തോടെ അയർലൻഡിൽ രൂപതാ വൈദിക പരിശീലനം നേടുന്ന ആകെ സെമിനാരിസ്റ്റുകളുടെ എണ്ണം 74 ആയി ഉയർന്നു. ഇവരിൽ 51 പേർ മെയ്നൂത്തിലെ സെന്റ് പാട്രിക്സ് കോളേജിലും ഡൺഡാൽക്കിലെ റെഡംപ്റ്റോറിസ് മാറ്റർ സെമിനാരിയിലുമായി പഠനം നടത്തുന്നു. എട്ട് പേർ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ സെമിനാരികളിലാണ് പരിശീലനം നേടുന്നത്. ഈ വർഷം പ്രവേശനം നേടിയ 15 പേരുടെയും ആദ്യ വർഷം മാനവികവും ആത്മീയവുമായ അടിത്തറ പാകുന്ന പരിശീലനത്തിനാണ് മുൻഗണന നൽകുന്നത്.

തീവ്രമായ മതനിരപേക്ഷതയും സഭയിൽ ചേരുന്നവരുടെ എണ്ണത്തിൽ മുൻവർഷങ്ങളിൽ ഉണ്ടായ കുറവും വലിയ വെല്ലുവിളി ഉയർത്തിയ അയർലൻഡിൽ, പുതിയ മാറ്റം വലിയ ആശ്വാസമാണ് നൽകുന്നത്. സഭാ നേതൃത്വം ഈ വർധനവിനെ വലിയൊരു മാറ്റത്തിന്റെ തുടക്കമായി കാണുന്നു. യുവാക്കളെ ദൈവിക വഴിയിൽ ദീർഘകാലം നിലനിർത്തുന്നതിനായി പ്രാർഥനകളും കൃത്യമായ വഴികാട്ടലുകളും നൽകാൻ ബിഷപ്പുമാരും വൈദിക നേതൃത്വവും ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.