
ഇറ്റലിയിലെ സ്കൂളുകളിൽ ബുർഖയും നിക്വാബും നിരോധിക്കുമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോനി പ്രഖ്യാപിച്ചു. രാജ്യത്ത് കുടിയേറ്റം പ്രധാന രാഷ്ട്രീയ ചർച്ചയാകുന്നതിനിടയിലാണ് കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ കർശന നിർദേശങ്ങൾ സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്.
സ്കൂളുകളിൽ മുഖം പൂർണ്ണമായി മറയ്ക്കുന്ന ബുർഖ, നിക്വാബ് എന്നിവ ധരിക്കുന്നത് നിരോധിക്കാനാണ് പുതിയ തീരുമാനം. എന്നാൽ തലമുടി മാത്രം മറയ്ക്കുന്ന ഹിജാബിനെക്കുറിച്ച് ഇതിൽ പരാമർശമില്ല. ക്ലാസ് മുറികളിൽ വിദേശ വിദ്യാർഥികളുടെ എണ്ണത്തിന് നിയമപരമായ പരിധി ഏർപ്പെടുത്തുന്ന കാര്യവും തീരുമാനത്തിലുണ്ട്. സ്കൂൾ സംവിധാനവുമായി ഇഴുകിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്ന വിദേശ വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് ഇറ്റാലിയൻ ഭാഷ പഠനം നിർബന്ധമാക്കും.
റോമിൽ നടന്ന കൺസർവേറ്റീവ് പാർട്ടിയായ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’യുടെ യുവജന സമ്മേളനത്തിലാണ് മെലോനി ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. “ഇറ്റലിയിൽ വന്ന് ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ആരും ഞങ്ങളുടെ ഭാഷ പഠിക്കാനും സംസ്കാരം മനസ്സിലാക്കാനും നിയമങ്ങൾ പാലിക്കാനും തയ്യാറാകണം” എന്ന് അവർ വ്യക്തമാക്കി. വിദ്യാർഥികൾ സ്കൂളുകളിൽ മുഖം മറയ്ക്കാതെയാണ് എത്തേണ്ടതെന്നും, യാതൊരുവിധ പാരമ്പര്യങ്ങളുടെ പേരിൽ പെൺകുട്ടികളെ മുഖം മറയ്ക്കാൻ ആരും നിർബന്ധിക്കരുതെന്നും മെലോനി കൂട്ടിച്ചേർത്തു.




